ടൗണില്‍ ബാർബർ ഷോപ്പ് നടത്തുന്ന ദമ്പതികൾ.. ലഹരി നൽകി പീഡനത്തിനിരയാക്കുന്നത് വിദ്യാർത്ഥികളെ..ഇരകളിൽ…

കുറ്റ‍്യാടി ടൗണ്‍ കേന്ദ്രീകരിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗിക പീഡനത്തിന് ഇരകളാക്കിയും ലഹരിമരുന്ന് നല്‍കി ചൂഷണം ചെയ്തതുമായും ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 3 കേസുകള്‍. രണ്ട് ആൺ കുട്ടികളും ഇവരുടെ സുഹൃത്തായ ഒരു പെണ്‍കുട്ടിയും പീഡനത്തിന് ഇരയായതായാണ് പൊലീസ് നല്‍കുന്ന വിവരം. അതേസമയം കൂടുതല്‍ കുട്ടികള്‍ ഇരകളാക്കപ്പെട്ടോ എന്ന കാര്യം പരിശോധിച്ചു വരുന്നതായി കുറ്റ്യാടി എംഎല്‍എ കെപി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു. കുറ്റ്യാടി ടൗണില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന വ്യക്തിയും ഭാര്യയുമാണ് മൂന്ന് കേസുകളിലെയും പ്രതികള്‍
സൈക്കോ ക്രിമിനൽ എന്ന് പൊലീസ് തന്നെ വിശേഷിപ്പിക്കുന്ന ഒരു വ്യക്തിയും ഭാര്യയും ചേർന്ന് സ്കൂൾ വിദ്യാർത്ഥികളെ ലഹരിക്കും ലൈംഗിക വൈകൃതങ്ങൾക്കും ഇരകളാക്കിയതുമായി ബന്ധപ്പെട്ട കേസാണ് കുറ്റ്യാടിയില്‍ നീറിപ്പുകയുന്നത്. രാസ ലഹരി നൽകി രണ്ട് ആൺകുട്ടികളെ വരുതിയിലാക്കിയ ദമ്പതികൾ ആൺകുട്ടികളുടെ സുഹൃത്തായ ഒരു പെൺകുട്ടിയെയും ദുരുപയോഗം ചെയ്തതായാണ് പൊലീസിന് മുന്നില്‍ ഇതുവരെയുളള വിവരം. കഴിഞ്ഞ മാസം കുറ്റ്യാടിയിലെ ചില കടകളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് സംഭവത്തിന്‍റെ ചുരുള്‍ അഴിയുന്നത്
കുറ്റ്യാടിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന വ്യക്തിക്കൊപ്പമാണ് ലഹരി ഉപയോഗമെന്നും വ്യക്തമായത്. തുടര്‍ന്ന് അന്വേഷണം തന്നിലേക്ക് നീളുമെന്ന് മനസിലായതോടെ ഇയാള്‍ ഒളിവില്‍ പോയി. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിൽ കേരളത്തിനു പുറത്ത് വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇതിനിടെ ഇയാളും ഭാര്യയും തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തതായും പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചതായും വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ തേടിയപ്പോഴാണ് ഈ കുട്ടികളില്‍ ഒരാളുടെ സുഹൃത്തായ പെണ്‍കുട്ടിയും പീഡനത്തിന് ഇരയായെന്ന വിവരവും വന്നത്. ഇതോടെയാണ് പൊലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മൂന്നിലും ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന വ്യക്തിയും ഭാര്യയുമാണ് പ്രതികള്‍. ഇരകളാക്കപ്പെട്ട കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുമെന്നും കൂടുതല്‍ കുട്ടികള്‍ ഇരകളാക്കപ്പെട്ടോ എന്ന കാര്യം പരിശോധിച്ച് വരുന്നതായും എംഎല്‍എ കെ പി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തുണ്ട്