ഇറാനിൽ നിന്നും രക്ഷപ്പെട്ട മലയാളികൾ ഇറാഖ് അതിർത്തിയിൽ.. സഹായം തേടി മലയാളി ദമ്പതികൾ…
ഇസ്രയേലിന്റെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാനിൽ നിന്നും രക്ഷപ്പെട്ട മലയാളി ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി. 4 മലയാളികളാണ് ഇറാഖ് അതിർത്തിയിൽ കുടുങ്ങിയത്. മലപ്പുറം വള്ളിക്കുന്ന് സ്വദേശികൾ ആയ മുഹമ്മദ് ഷഫീഖ്, മുഹമ്മദ് റഫീഖ്, ഇവരുടെ ഭാര്യമാരായ നൗറിൻ സമദ്, സൗഫിയ ഫാത്തിമ എന്നിവരാണ് കുടുങ്ങിയത്. തിരികെയെത്താൻ ഇന്ത്യൻ എംബസി അധികൃതർ ഇടപെടണമെന്ന് ഇവർ അഭ്യർത്ഥിച്ചു.
ഈദ് അവധിക്ക് ഇറാനിലെത്തിയതായിരുന്നു സംഘം. നാല് ദിവസത്തെ സന്ദർശനത്തിന് ശേഷം ഈ മാസം 13 രാവിലെയായിരുന്നു ഒമാനിലേക്ക് പോകേണ്ടിയിരുന്നത്. എന്നാൽ അതേ ദിവസം പുലർച്ചെയാണ് ഇറാനിൽ ഇസ്രയേലിന്റെ ആക്രമണമുണ്ടായത്. ഇതോടെ വ്യോമഗതാഗതം താറുമാറായി. ഒമാൻ എംബസിയുടെ സഹായത്തോടെ ഇറാനിൽ നിന്നും എക്സിറ്റായെങ്കിലും ഇറാഖ് അതിർത്തി കടക്കാനായില്ല. ഇന്ത്യൻ എംബസി അധികൃതർ ഇടപെടാതെ അതിർത്തി കടക്കാൻ സാധിക്കില്ലെന്നും ഇടപെടണമെന്നും കുടുങ്ങിക്കിടക്കുന്ന മലയാളികൾ ആവശ്യപ്പെട്ടു.