പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം.. മൊഴി മാറ്റി മാതാവ്.. പറയുന്നത്…

മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിൽ നിന്നും ഇലവുംതിട്ട പൊലീസ് മൊഴിയെടുത്തു. ഇവർ ചികിത്സയിൽ കഴിയുന്ന ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മൊഴിയെടുത്തത്. കൗൺസിലിങ്ങിനിടെ നൽകിയ മൊഴിയിൽ നിന്നും വിരുദ്ധമായാണ് മാതാവ് മൊഴി നൽകിയത്. കുഞ്ഞുമായി നിലത്ത് വീണുവെന്നാണ് 21-കാരി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്

അതേസമയം, തലയ്ക്കേറ്റ പരിക്കാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നത്. മാതാവ് എടുത്തെറിഞ്ഞപ്പോഴുള്ള പരിക്കാണോ അതോ വീണപ്പോൾ സംഭവിച്ച പരിക്കാണോ എന്ന് പൊലീസ് അന്വേഷിക്കും. മൃതദേഹം കണ്ടെത്തിയ സ്ഥലം ഫോറൻസിക് സർജൻ അടുത്തയാഴ്ച സന്ദർശിക്കും.

കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് കഴിഞ്ഞദിവസം കുറ്റസമ്മതം നടത്തിയിരുന്നു. കൗൺസിലിങ്ങിനിടെയായിരുന്നു ഈ മൊഴി. പ്രസവശേഷം കുഞ്ഞിനെ കൊലപ്പെടുത്താനായി വായും മൂക്കും പൊത്തിപ്പിടിച്ചുവെന്നും കുഞ്ഞിന് അനക്കമില്ലാതായപ്പോൾ അടുത്ത പുരയിടത്തിൽ കൊണ്ടുപോയി കളഞ്ഞുവെന്നും യുവതി കൗൺസിലിങ്ങിനിടെ വ്യക്തമാക്കിയിരുന്നു.

പ്രസവിക്കുന്ന സമയം ആരും ഒപ്പമുണ്ടായിരുന്നില്ലെന്നും വീട്ടുകാർക്ക് താൻ ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു. മാതാവിന്റെ മെഴുവേലി ആലക്കോട്ടെ വീടിന് പുറകുവശത്തെ പുരയിടത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം കഴിഞ്ഞദിവസം രാവിലെ കണ്ടെത്തിയത്. മാതാപിതാക്കളാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.

യുവതി ആദ്യം കിടങ്ങന്നൂരിലെ ഒരു ക്ലിനിക്കിൽ ചെന്നുവെന്നും പ്രസവിച്ച വിവരം ഒളിച്ചുവെച്ചുകൊണ്ട് രക്തസ്രാവം, തലകറക്കം, ക്ഷീണം എന്നീ അസ്വസ്ഥതകൾ മാത്രമാണ് തനിക്ക് ഉള്ളതെന്നുമാണ് പറഞ്ഞതെന്നും ചികിത്സ നൽകിയ ചെങ്ങന്നൂർ ഉഷാ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ലക്ഷ്മി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടർന്ന് കിടങ്ങന്നൂരിലെ ആശുപത്രിയിലെ ഡോക്ടർ തന്നെ വിളിച്ച് രക്തസ്രാവം നിൽക്കാൻ ഏത് മരുന്നു നൽകണമെന്ന് ചോദിക്കുകയും മരുന്ന് താൻ ഫോണിൽ കൂടി പറഞ്ഞു കൊടുത്തുവെന്നും ലക്ഷ്മി പറഞ്ഞു.

Related Articles

Back to top button