‘കൈക്കൂലി എന്ന് പറഞ്ഞവരോട് ഈ നാട് കണക്ക് ചോദിക്കും’..ഇജ്ജ് നല്ലൊരു മൻസൻ ആകാൻ നോക്ക്..

ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട കൈക്കൂലി പരാമർശത്തിൽ പ്രതിപക്ഷത്തിനെതിരെ കൊട്ടിക്കലാശത്തിനിടെ രൂക്ഷ വിമർശനവുമായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ്. ഇ കെ അയ്‌മുവിൻ്റെ നാടകത്തിൻ്റെ പേര് പരാമർശിച്ചായിരുന്നു വിമർശനം. ‘ഇജ്ജ് നല്ല മൻസനാകാൻ നോക്ക്’ എന്നാണ് എം സ്വരാജ് പറഞ്ഞത്. ഈ നാട് ഇടത് മുന്നണിയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സന്ദർഭമാണിതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു
ഒൻപത് വർഷത്തെ മാറ്റം കേരളത്തിൻ്റെ ചരിത്രത്തിൽ ഇല്ലാത്ത മാറ്റമാണ്. കഴിഞ്ഞ 9 വർഷം കേരളത്തിൻ്റെ സുവർണ കാലം എന്ന് ചരിത്രം രേഖപ്പെടുത്തും. വീട്ടമ്മമാരുടെ പെൻഷൻ നടപ്പാക്കാൻ പോകുന്ന നവ കേരളമാണിത്. ജനാധിപത്യ സംവാദം തുറന്നിട്ട തെരഞ്ഞെടുപ്പാണ് ഇത്. വിവാദങ്ങൾ ഉയർത്തി, വിദ്വേഷം വിതയ്ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഹീനമായ നീക്കങ്ങളെ ഈ നാട് തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീടാണ് അവസാന നിമിഷവും പെൻഷൻ ചർച്ചയാക്കിക്കൊണ്ട് കൈക്കൂലി എന്ന് പറഞ്ഞവരോട് ഈ നാട് കണക്ക് ചോദിക്കുമെന്ന് സ്വരാജ് പറഞ്ഞത്.
അതിനിടെ നിലമ്പൂരിൽ കൊട്ടിക്കലാശം അവസാനിച്ചു. മൂന്നാഴ്ച നീണ്ട തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണമാണ് അവസാനിച്ചത്. ഇനി ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വോട്ടർമാർ പോളിങ് ബൂത്തിലെത്തി വിധിയെഴുതും. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ റോഡ് ഷോയായാണ് സ്ഥാനാർത്ഥികൾ കൊട്ടിക്കലാശം നടന്ന നിലമ്പൂർ അങ്ങാടിയിലെത്തിയത്