14 കൊല്ലത്തിന് ശേഷം… അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ വില കൂട്ടുന്നു.. പ്രസാദ നിര്‍മാണത്തിന്റെ അളവും വര്‍ധിപ്പിക്കും..

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വഴിപാട് പ്രസാദമായി നല്‍കുന്ന പാല്‍പ്പായസത്തിന്റെ (Ambalappuzha palpayasam) വില വര്‍ധിപ്പിക്കാന്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഓഗസ്റ്റ് മാസത്തോടെ വില ലിറ്ററിന് 160 രൂപയില്‍ നിന്ന് 260 രൂപയായി ഉയര്‍ത്തും. ദിവസവും തയ്യാറാക്കുന്ന പാല്‍പ്പായസത്തിന്റെ അളവു വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. നിലവില്‍, എല്ലാ ദിവസവും 225 ലിറ്റര്‍ തയ്യാറാക്കുന്നുണ്ട്. ഇത് വ്യാഴം, ഞായര്‍, മറ്റ് വിശേഷ ദിവസങ്ങളില്‍ 350 ലിറ്ററായും മറ്റ് ദിവസങ്ങളില്‍ 300 ലിറ്ററായും വര്‍ധിപ്പിക്കും. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാല്‍പ്പായസത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വില വര്‍ധിപ്പിക്കുന്നാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റേതാണ്. പായസത്തിനു ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. പവിത്രത നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ചാണ് ഉത്പാദനം നിയന്ത്രിക്കുന്നതെന്ന് ക്ഷേത്രത്തിലെ കോയ്മസ്ഥാനി വിജെ ശ്രീകുമാര്‍ പറയുന്നു.

ടിഡിബിയും ഹൈക്കോടതിയും തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പാല്‍പ്പായസം ഭക്തര്‍ക്ക് വിതരണം ചെയ്യുന്നത്. ദിവസവും തയ്യാറാക്കുന്ന 225 ലിറ്ററില്‍ 70 ലിറ്റര്‍ ഒരു ലിറ്റര്‍ പാത്രങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ഭക്തര്‍ക്ക് വിതരണം ചെയ്യുന്നു. മറ്റൊരു 70 ലിറ്റര്‍ പ്രസാദം ഇതേ അളവില്‍ സ്‌പോട്ട്-ബുക്കിങ് അടിസ്ഥാനത്തില്‍ ദിവസവും നല്‍കുന്നു. ഒരാള്‍ക്ക് ഒരു ലിറ്റര്‍ പായസമാണ് പരമാവധി വാങ്ങാന്‍ സാധിക്കുക. പൂജകള്‍ക്ക് ശേഷം എല്ലാ ദിവസവും രാവിലെ 11 മണി മുതലാണ് പായസം വിതരണം ചെയ്യുന്നത്.

പ്രസാദ വിതരണത്തിനായി ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഒരുക്കാന്‍ ടിഡിബി പദ്ധതിയിടുന്നുണ്ട്. ഇതിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കാന്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആപ്പ് അവതരിപ്പിച്ചതിനു ശേഷം ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്കായി 90 ലിറ്റര്‍ ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പായസത്തിന്റെ അളവു കൂട്ടുമ്പോള്‍ അതു തയ്യാറാക്കാനായി വലിയ വാര്‍പ്പ് പാത്രം നിര്‍മിക്കാനുള്ള നടപടികളും ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. 350 ലിറ്റര്‍ പായസം തയ്യാറാക്കാന്‍ ഏകദേശം 1,200 ലിറ്റര്‍ പാത്രം ആവശ്യമാണ്. പാത്രം നിര്‍മിക്കാനുള്ള ടെന്‍ഡര്‍ ഉടന്‍ വിളിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അമ്പലപ്പുഴ പാല്‍പ്പായസമെന്ന പേരില്‍ വ്യാജ പ്രസാദങ്ങള്‍ വ്യാപകമാണ്. ആളുകള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ ബോര്‍ഡ് സുരക്ഷാ നടപടികള്‍ സ്വീകരിക്കും. കണ്ടെയ്‌നറുകളില്‍ ഒരു ഹോളോഗ്രാം ഒട്ടിക്കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളാണ് കൊണ്ടു വരുന്നത്.

Related Articles

Back to top button