ഇന്നത്തെ അവധി: കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും..

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലും മഴ ശക്തമായി തുടരുന്നതിനാലും കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്‍ററുകൾക്കും ഇന്ന് അവധി നൽകുകയായിരുന്നു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) പദ്ധതി പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല. 

നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 17ന് കൂടി ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഈ സ്ഥാപനങ്ങൾക്ക് ജൂൺ 18, 19 തീയതികളിൽ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് അധിക അവധി പ്രഖ്യാപിച്ചത്. പോളിംഗ് സാമഗ്രികളുടെ വിതരണ – സ്വീകരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിന് 17 മുതൽ 23 വരെയും അവധിയായിരിക്കും.

അതേസമയം, സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. എന്നാൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് ഇന്ന് എവിടെയും പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അപകടരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ കാസർകോട് ജില്ലയിലെ മൊഗ്രാൽ നദിയിലെ മധുർ സ്റ്റേഷനിലും മഞ്ചേശ്വരം നദി സ്റ്റേഷനിനും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് 4.3 മീറ്റർവരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ട്. തീരമേഖലയിൽ രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. 19-ാം തിയതിവരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button