ഇടതുപക്ഷം മതങ്ങൾക്ക് എതിരാണെന്നത് കള്ള പ്രചാരണം.. മത വിശ്വാസത്തെ രാഷ്ട്രീയത്തിനായി ദുരുപയോഗം ചെയ്യുന്നു..
ഉപതെരഞ്ഞെടുപ്പ് ജയിക്കാൻ നിലമ്പൂരിൽ യുഡിഎഫ് തീവ്രവാദ ശക്തികളെ കൂട്ടുപിടിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംഎ ബേബി. ന്യൂനപക്ഷ വോട്ടുകൾക്കായി ആർഎസ്എസ് മാതൃകയിൽ ചിലർ പ്രവർത്തിക്കുന്നുണ്ട്. ഇടതുപക്ഷം മതങ്ങൾക്ക് എതിരാണെന്നത് കള്ള പ്രചാരണം. മത വിശ്വാസത്തെ രാഷ്ട്രീയത്തിനായി നിലമ്പൂരിൽ ദുരുപയോഗം ചെയ്യുന്നുവെന്നും എംഎ ബേബി കുറ്റപ്പെടുത്തി. നിലമ്പൂർ ചന്തക്കുന്നിൽ വർഗീയതക്കെതിരെ എൽഡിഎഫ് മഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര മഴ പെയ്താലും നിലമ്പൂരിൽ ഇടതുപക്ഷത്തിൻ്റെ വിജയം ഉറപ്പാണെന്നും നമ്മൾ ഒരുമിച്ച് മത്സരിച്ച് ജയിക്കുന്ന തെരഞ്ഞെടുപ്പാവും ഇതെന്നും ഇടത് സ്ഥാനാർത്ഥി എം സ്വരാജും പ്രസംഗത്തിൽ പറഞ്ഞു
ആർക്കും ആശയക്കുഴപ്പം ഉണ്ടാകാത്ത രീതിയിൽ സംവദിക്കാനറിയുന്ന ആളാണ് ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജെന്ന് എംഎ ബേബി പറഞ്ഞു. നമ്മുടെ സ്ഥാനർഥികൾ എല്ലാവരും ബഹു മിടുക്കന്മാരാകും. മറ്റു ചിലർ മിടുക്കന്മാരെന്ന് പറഞ്ഞു വന്ന് വഞ്ചിക്കും. അങ്ങനെ വന്ന ആ വ്യക്തിയോട് ജനങ്ങൾ കണക്ക് പറയണമെന്നും അൻവറിനെ ഉന്നമിട്ട് എംഎ ബേബി പറഞ്ഞു. നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ടി പദ്മനാഭൻ തന്നെ വിളിച്ചിരുന്നുവെന്നും കോൺഗ്രസ് അനുഭാവിയായ അദ്ദേഹം എം സ്വരാജ് മികച്ച സ്ഥാനർഥിയെന്ന് പറഞ്ഞുവെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു.
ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് പറഞ്ഞ അദ്ദേഹം, അഭിനേതാവായ കേന്ദ്ര സഹമന്ത്രി സമര പന്തലിൽ എത്തി അഭിനയിച്ചുവെന്നും പരിഹസിച്ചു. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെ ലക്ഷ്യമിട്ടായിരുന്നു ഈ പരിഹാസം. ആശമാർ യുഡിഫ് സ്ഥാനാർഥിക്കായി വോട്ട് പിടിക്കുന്നുവെന്നും ഇതോടെ അവരുടെ രാഷ്ട്രീയം പുറത്ത് വന്നുവെന്നും ബേബി പറഞ്ഞു