പാലക്കാട്ട് നാടകീയ രംഗങ്ങൾ; കോൺഗ്രസിന് തിരിച്ചടി, മണ്ഡലം പ്രസിഡൻ്റ് സിപിഎമ്മിൽ ചേർന്നു, ഓഫീസിന് ചുവപ്പ് പെയിൻ്റടിക്കാനുള്ള ശ്രമത്തിൽ സംഘർഷം…
പാലക്കാട് കോൺഗ്രസിന് തിരിച്ചടിയായി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിപിഎമ്മിൽ ചേർന്നു. കോട്ടായി മണ്ഡലം പ്രസിഡൻ്റ് കെ മോഹൻകുമാറും പ്രവർത്തകരുമാണ് സിപിഎമ്മിൽ ചേർന്നത്. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് പാർട്ടി ജില്ലാ സെക്രട്ടറി മോഹൻകുമാറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. നേരത്തെ, ഡിസിസി നേതൃത്വത്തെ വിമർശിച്ച് മോഹൻകുമാറിൻ്റെ നേതൃത്വത്തിൽ കോട്ടായിയിൽ വിമത കൺവെൻഷൻ നടന്നിരുന്നു. ഡിസിസി പ്രസിഡൻ്റ് ഗ്രൂപ്പിസത്തിന് വഴിയൊരുക്കുന്നുവെന്നായിരുന്നു മോഹൻകുമാർ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണം
അതിനിടെ, കോട്ടായിയിൽ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസിന് ചുവന്ന പെയിൻ്റടിക്കാനുള്ള ശ്രമം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇത് പ്രദേശത്ത് സംഘർഷത്തിന് കാരണമായി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റായ കെ മോഹൻ കുമാർ സ്ഥാനം രാജിവച്ച് സിപിഎമ്മിൽ ചേർന്ന് പാർട്ടി ഓഫീസ് ചുവപ്പ് പെയിൻ്റടിക്കാനുള്ള ശ്രുമാണ് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തി ചെറുത്തത്. ഇതോടെയാണ് സംഘർഷമുണ്ടായത്.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനും വികെ ശ്രീകണ്oനുമെതിരെ മോഹൻകുമാർ രംഗത്തെത്തി. പാലക്കാട് കോൺഗ്രസ് വർഗീയത പറഞ്ഞാണ് വോട്ട് പിടിക്കുന്നതെന്ന് കോൺഗ്രസ് വിട്ട മോഹൻകുമാർ പറഞ്ഞു. ഷാഫി പറമ്പിൽ പാലക്കാട് ജയിക്കുന്നത് വർഗീയത പറഞ്ഞാണ്. ഷാഫിയുടെ പെട്ടിപിടിക്കുന്നതിനാലാണ് രാഹുലിന് പാലക്കാട്ടെ സീറ്റ് കിട്ടിയത്. പാലക്കാട്ടെ നിരവധി നേതാക്കളെ തഴഞ്ഞു. ഡിസിസി പ്രസിഡന്റിന് പോലും ഷാഫി പരിഗണന നൽകിയില്ലെന്നും മോഹൻ കുമാർ മാധ്യമങ്ങളോട് പറഞ്ഞു