പ്ലീസ്, ഒന്ന് നിർത്തൂ.. ‘വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് വരെ’.. യാചിച്ച് എയർ ഇന്ത്യ ദുരന്തത്തിൽ മരിച്ച യുവതിയുടെ ബന്ധു…
അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിന്‍റെ ആഘാതത്തിലാണ് രാജ്യം. 274 പേർക്കാണ് നാടിനെയാകെ സങ്കടത്തിലാഴ്ത്തിയ ആകാശ ദുരന്തത്തിൽ ജീവൻ നഷ്ടമായത്. ഇപ്പോൾ ഈ ദുരന്തം സാമൂഹിക മാധ്യമങ്ങളിൽ ചൂഷണം ചെയ്യുന്നതിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മരിച്ചവരിൽ ഒരാളുടെ ബന്ധു .അപകടത്തിൽ ഭർത്താവ് പ്രതീക് ജോഷി, മൂന്ന് മക്കൾ എന്നിവരോടൊപ്പം മരിച്ച കോമി വ്യാസിന്‍റെ ബന്ധു കുൽദീപ് ഭട്ട് ആണ് കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചിത്രങ്ങൾ കൃത്രിമം കാണിക്കുകയും മരിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും വ്യാജ വീഡിയോകൾ നിർമ്മിക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും കണ്ടന്‍റ് ക്രിയേറ്റർമാരും ഇത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും വലിയ പ്രശ്നം, ഞങ്ങളുടെ കുടുംബവും മറ്റ് 270 പേരുടെ കുടുംബങ്ങളും മാനസികാഘാതത്തിലൂടെയാണ് കടന്നുപോകുന്നത് എന്നതാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, തങ്ങളുടെ വ്യൂസും ലൈക്കും ഫോളോവേഴ്സും കൂട്ടാനുള്ള ശ്രമത്തിൽ, അപകട വീഡിയോകൾ ദുരുപയോഗം ചെയ്യുകയും കൃത്രിമം കാണിച്ച് ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുകയുമാണെന്ന് കുൽദീപ് പറഞ്ഞു.വ്യക്തിഗത കുടുംബ ചിത്രങ്ങൾ ദുരുപയോഗം ചെയ്തതിനെക്കുറിച്ചും ഭട്ട് സംസാരിച്ചു. കോമിയും മറ്റുള്ളവരും വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു സെൽഫി എടുത്ത് കുടുംബ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ആ ചിത്രം വൈറലായിരിക്കുകയാണ്. ആളുകൾ ആ ചിത്രത്തിൽ നിന്ന് വീഡിയോകൾ ഉണ്ടാക്കിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ഇന്ത്യയിലുടനീളം വൈറലായി. ഇത് എഐ ജനറേറ്റ് ചെയ്തതാണ്. ആ ചിത്രം ഒരു വ്യാജ വീഡിയോ ആക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വേദനിപ്പിക്കുന്ന മറ്റൊരു ചിത്രം ദമ്പതികളുടെ മകൾ മിറയയുടേതാണ്. കഴിഞ്ഞ ദിവസം മുതൽ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്, അത് ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നു. മിറയ എന്ന സുന്ദരിയായ കുട്ടിയുടെ ചിത്രമാണത്. അവളുടെ ഡിഎൻഎ സാമ്പിളിനെക്കുറിച്ച് ഞങ്ങൾക്ക് ഇപ്പോൾ ഒരു വിവരവുമില്ല. അത് ഒത്തുചേർന്നിട്ടില്ല. സോഷ്യൽ മീഡിയയിൽ, ആളുകൾ അവളുടെ ശരീരം കത്തിക്കരിഞ്ഞുവെന്ന് പറയുന്നു. അവളുടെ മൃതദേഹം സംസ്കരിക്കുന്നതിന്‍റെ വീഡിയോകളും പ്രചരിക്കുന്നുണ്ടെന്ന് കുല്‍ദീപ് പറയുന്നു.
കോമിയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടത് കുടുംബത്തിന്‍റെ ദുരിതം കൂട്ടി. കോമിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുകയാണ്. വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരോടും അഭ്യർത്ഥിക്കുകയാണ്, ദയവായി ഇത് നിർത്തുക. നിങ്ങളുടെ ലൈക്കുകളും ഫോളോവേഴ്സും വർദ്ധിപ്പിക്കാൻ വേണ്ടി എന്തിനാണ് ഞങ്ങൾക്ക് ഇത്രയധികം മാനസികാഘാതം നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.