മഴയേയും വെല്ലുവിളിച്ച് പ്രവർത്തകർ.. നിലമ്പൂരിൽ പ്രചാരണം വേറെ ലെവൽ..
നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ അണികള്‍ക്ക് ആവേശം പകരാന്‍ പ്രമുഖര്‍ രംഗത്ത്. ആര്യാടന്‍ ഷൗക്കത്തിനായി പ്രചാരണത്തിനായി വയനാട് എംപി പ്രിയങ്കാ ഗാന്ധി എത്തിയപ്പോള്‍ പി.വി. അന്‍വറിനായി മുന്‍ക്രിക്കറ്റ് താരവും ടിഎംസിയുടെ പ്രധാനപ്പെട്ട നേതാവുമായ യൂസഫ് പഠാനാണ് നിലമ്പൂരിലെത്തിയത്. എം. സ്വരാജിനായി പൊതുപരിപാടികളും പ്രചാരണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയനും നിലമ്പൂരിലുണ്ട്.
പരസ്യപ്രചാരണം അവസാനിക്കാന്‍ രണ്ടുദിവസം ബാക്കിനില്‍ക്കെ മൂന്ന് മുന്നണികളും പ്രമുഖരെ മണ്ഡലത്തിലെത്തിച്ച് അണികളെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. കനത്ത മഴയെ പോലും അവഗണിച്ചാണ് പ്രവര്‍ത്തകര്‍ പ്രിയങ്കാ ഗാന്ധിയുടേയും യൂസഫ് പഠാന്റെയും റോഡ് ഷോകളില്‍ പങ്കെടുത്തത്. മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിയിലും ജനങ്ങള്‍ കനത്ത മഴ അവഗണിച്ചാണ് എത്തിയത്. ജനങ്ങളുടെ ഇത്തരത്തിലുള്ള പങ്കാളിത്തം, മണ്ഡലത്തില്‍ മത്സരം കനക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു.
നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ എതിരാളികള്‍ എന്തുംചെയ്യാന്‍ മടിയില്ലാത്തവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുയോഗത്തില്‍ പറഞ്ഞു. കുതന്ത്രങ്ങള്‍ക്ക് പേരുകേട്ടവരാണ് എതിരാളികളെന്നും ആ ജാഗ്രതയിലായിരിക്കണം ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെന്‍ഷന്‍ കൈക്കൂലിയായി വിശേഷിപ്പിക്കാനുള്ള കഴിവ് അപാരമാണ്. കേന്ദ്രം ആവശ്യത്തിലധികം ബുദ്ധിമുട്ടിച്ചിട്ടും കേരളത്തില്‍ കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നത് സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിച്ചതുകൊണ്ടാണ്. രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കാന്‍ കഴിഞ്ഞു, എന്നാല്‍ മൃഗനിയന്ത്രണം നടക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ മനുഷ്യനെ മറക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.
പ്രിയങ്കാ ഗാന്ധി കൂടി എത്തിയതോടെ നിലമ്പൂരിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. നിലമ്പൂരിലെ വന്യജീവി പ്രശ്‌നത്തെക്കുറിച്ചും സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ പ്രവര്‍ത്തകരുടെ സമരത്തെക്കുറിച്ചും പെന്‍ഷന്‍ പ്രശ്‌നത്തെക്കുറിച്ചും പ്രിയങ്കാ ഗാന്ധി സംസാരിച്ചു.
നിലമ്പൂരിലെ ജനങ്ങള്‍ വോട്ടുചെയ്യുന്നത് മാറ്റത്തിന് വേണ്ടിയാണ്. നിങ്ങളുടെ ജീവനോപാധികള്‍ രാഷ്ട്രീയവത്കരിക്കാന്‍ പാടില്ല. വന്യജീവി ആക്രമണത്തെക്കുറിച്ച് മനസിലാക്കി വരുന്നു. ജനങ്ങള്‍ക്കിവിടെ കൃഷിയും ജീവനും നഷ്ടപ്പെടുന്നു. ജനങ്ങള്‍ക്ക് സംരക്ഷണമൊരുക്കുക എന്ന പ്രാഥമിക ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല. ആശമാര്‍ അഭിമാനമുള്ള സ്ത്രീകളാണ്. അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടി പ്രതിഷേധിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന വരുമാനം ലഭിക്കണം. അത് അവരുടെ അവകാശമാണെന്നും പ്രിയങ്ക പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ പെന്‍ഷനെയും രാഷ്ട്രീയവത്കരിച്ചു. പെന്‍ഷന്‍ സമയത്ത് നല്‍കേണ്ടതാണ്, തോന്നുമ്പോള്‍ നല്‍കേണ്ടതല്ല. ഇതെല്ലാം മനസിലാക്കാന്‍ കഴിയുന്നവര്‍ അധികാരത്തില്‍ എത്തണം. ആര്യാടന്‍ മുഹമ്മദ് നിങ്ങള്‍ എല്ലാവരും അറിയുന്ന ജനപ്രിയ നേതാവായിരുന്നു. അദ്ദേഹത്തിന്റെ മന്‍ ആര്യാടന്‍ ഷൗക്കത്ത് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍തന്നെ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ആളാണ്. ഇത്തവണ നിലമ്പൂരിലെ ജനങ്ങള്‍ മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യണമെന്നും പ്രിയങ്ക പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ കഴിയുമെന്നും നിലമ്പൂരിലെ ജനങ്ങള്‍ ഇത്തവണ പി.വി. അന്‍വറിനെ പ്ലെയര്‍ ഓഫ് ദി മാച്ച് ആക്കുമെന്നും യൂസഫ് പഠാന്‍ പറഞ്ഞു. അന്‍വറിനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത പഠാന്‍ വഴിക്കടവിലെ പൊതുയോഗത്തിലും പങ്കെടുക്കും.
തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വ്യക്തിപരമായി എന്റെയും പിന്തുണ പി.വി. അന്‍വറിനാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് അന്‍വര്‍. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ ജനങ്ങള്‍ അന്‍വറിനെ പ്ലെയര്‍ ഓഫ് ദി മാച്ച് ആക്കും. ഇവിടുത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മാത്രമല്ല, കായികമുന്നേറ്റങ്ങള്‍ക്കുള്ള പ്രാഥമിക വികസന പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് അന്‍വര്‍ ചര്‍ച്ചചെയ്തതായും യൂസഫ് പഠാന്‍ പറഞ്ഞു.