എല്ലാം ഓക്കെയല്ലേ?കെഎസ്ആർടിസി ബസുകളിൽ പരാതി കേൾക്കാൻ ഉദ്യോഗസ്ഥർ എത്തിത്തുടങ്ങി..മറുപടികളിങ്ങനെ..

കെഎസ്ആർടിസി സർവീസ് സംബന്ധിച്ച് യാത്രക്കാരുടെ പരാതികളും അഭിപ്രായങ്ങളും നേരിട്ടറിഞ്ഞ് നടപടിയെടുക്കണമെന്ന ഗതാഗതമന്ത്രിയുടെ നിർദേശ പ്രകാരം ബസുകളിൽ പരാതി കേൾക്കാൻ ഉദ്യോഗസ്ഥർ എത്തിത്തുടങ്ങി. തിരുവനന്തപുരം നഗരത്തിൽ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ. പി. എസ്. പ്രമോജ് നേരിട്ടിറങ്ങിയായിരുന്നു പരാതി കേട്ടത്. നഗരത്തിലൂടെ സർവീസ് നടത്തുന്ന ലോ ഫ്ലോർ ബസിലായിരുന്നു ഉച്ചയോടെ സിഎംഡിയും ഉദ്യോഗസ്ഥരും കയറിയത്

കെഎസ്ആർടിസി ഓക്കെയാണോ എന്ന ചോദ്യവുമായി യാത്രക്കാരെ സമീപിച്ച അദ്ദേഹത്തോട് കൂടുതൽ പേരും ഓക്കെയല്ലെന്നും നന്നാവാനുണ്ടെന്നുമുള്ള മറുപടിയാണ് നൽകിയത്. ബസ് കൈകാണിച്ചാൽ നിറുത്താറില്ലെന്ന് ആദ്യ യാത്രക്കാരി പരാതി പറഞ്ഞപ്പോൾ ജീവനക്കാർക്ക് വേണ്ട നിർദേശം നൽകാമെന്ന് സിഎംഡി ഉറപ്പ് നൽകി. ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചായിരുന്നു സ്ത്രീകളുടെ പരാതികൾ. സർവീസുകൾ സംബന്ധിച്ച അഭിപ്രായം ചോദിച്ചപ്പോൾ മധ്യവയസ്കരായ ഒരാൾ ഗുഡ് എന്നും ഒരാൾ തരക്കേടില്ലെന്നുമാണ് മറുപടി നൽകിയത്.

ബസ് സർവീസുകളിൽ കുറവുണ്ടെന്ന് വിതുര സ്വദേശിയായ യുവാവ് പറഞ്ഞപ്പോൾ നിലവിലെ സർവീസിലെ പോരായ്മകളാണ് പരിശോധിക്കുന്നതെന്നും മറ്റ് പ്രശ്നങ്ങൾ പരിശോധിക്കാമെന്നും സിഎംഡി മറുപടി നൽകി. മറ്റ് ഉദ്യോഗസ്ഥരും വരും ദിവസങ്ങളിൽ യാത്രക്കാരെ കേൾക്കാനെത്തുമെന്നും അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്

Related Articles

Back to top button