വേറിട്ട പ്രതിഷേധം..വെള്ളക്കെട്ടിൽ തുണിയലക്കി രണ്ട് സ്ത്രീകൾ..

പലതരം പ്രതിഷേധങ്ങൾ എല്ലാ ദിവസവും നടക്കാറുണ്ട്. അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ചിലപ്പോൾ വേറിട്ട പ്രതിഷേധങ്ങളും ഉണ്ടാവാറുണ്ട്. അങ്ങനെ ഒരു വേറിട്ട പ്രതിഷേധത്തിന് തൃശൂർ ശക്തൻ ബസ് സ്റ്റാൻഡ് സാക്ഷിയായി. രണ്ട് സ്ത്രീകളാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തു വന്നത്.

ശക്തൻ ബസ് സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വേറിട്ട പ്രതിഷേധം നടന്നത്. സ്റ്റാൻഡിൽ കെട്ടിക്കിടക്കുന്ന വെള്ളക്കെട്ടിൽ തുണി അലക്കിയാണ് രണ്ട് സ്ത്രീകൾ പ്രതിഷേധിച്ചത്. പൊതുപ്രവർത്തക ബീനയുടെയും ഹസീനയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പുതുതായി കോൺക്രീറ്റ് ചെയ്ത ഭാഗത്തു നിന്ന് ബസുകൾ പുറത്തേക്കു പോകുന്ന വഴിയിലാണ് വെള്ളക്കെട്ട്. ഈ വഴിയിലൂടെയാണ് കാൽനടയാത്രക്കാർ സ്റ്റാൻഡിലേക്ക് എത്തുന്നത്. ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ബസ് സ്റ്റാൻഡ് കോടികൾ ചെലവിട്ടു കോൺക്രീറ്റ് ചെയ്തതെങ്കിലും സ്റ്റാൻഡിലേക്കു കയറുന്ന വഴികളും പുറത്തേക്ക് ഇറങ്ങുന്ന വഴികളും പഴയ പടിയിലാണ്. മഴ തുടങ്ങിയതോടെ കുണ്ടും കുഴിയും നിറഞ്ഞ വഴിയിൽ ചെളിയും നിറഞ്ഞു. വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് സ്ത്രീകൾ പരസ്യ പ്രതിഷേധവുമായി രംഗത്തു വന്നത്.

Related Articles

Back to top button