‘എല്ലാം എന്റെ പിഴ’, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി താരം…
ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിംഗ്സ് ആറ് റണ്‍സിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് തോറ്റതില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം നെഹാല്‍ വധേര. കിരീടപ്പോരില്‍ മികച്ച ബാറ്റിംഗ് വിക്കറ്റില്‍ ആര്‍സിബിയെ 190 റൺസില്‍ ഒതുക്കിയിട്ടും പഞ്ചാബ് ആറ് റണ്‍സിന്റെ തോല്‍വി വഴങ്ങുകയായിരുന്നു. പഞ്ചാബിനായി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ നെഹാല്‍ വധേര 18 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായിരുന്നു.
താന്‍ കുറച്ചുകൂടി വേഗത്തിൽ ബാറ്റ് ചെയ്തിരുന്നെങ്കില്‍ കിരീടം പഞ്ചാബ് നേടുമായിരുന്നുവെന്ന് നെഹാല്‍ വധേര ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്നിംഗ്സിന്റെ വേഗം കൂട്ടുന്നതില്‍ എനിക്ക് പിഴച്ചു. മത്സരം അവസാന ഓവറുകളിലേക്ക് നീട്ടാതെ ഞാന്‍ കുറച്ചുകൂടി ആക്രമണോത്സുകതയോടെ ബാറ്റ് ചെയ്യേണ്ടതായിരുന്നു.
സംഭവിച്ച പിഴവിന് ഞാന്‍ വേറെ ആരെയും കുറ്റപ്പെടുത്തുന്നില്ല. പിച്ചിനെ ഒരു കാരണവശാലും ഞാന്‍ കുറ്റം പറയില്ല. കാരണം. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഈ പിച്ചില്‍ 190 റണ്‍സടിച്ചിരുന്നു. കളി അവസാനം വരെ കൊണ്ടുപോയാല്‍ ജയിക്കാമെന്നായിരുന്നു ഞാന്‍ കണക്കുകൂട്ടിയത്. എനിക്ക് തന്നെ കളി ഫിനിഷ് ചെയ്യാന്‍ ലഭിച്ച അപൂര്‍വ അവസരമായിരുന്നു അത്. മുൻ മത്സരങ്ങളിലെല്ലാം ഇന്നിംഗ്സിന് വേഗം കൂട്ടേണ്ടപ്പോൾ എനിക്ക് അങ്ങനെ ചെയ്യാനും ഞങ്ങള്‍ക്ക് ജയിക്കാനും കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഫൈനലില്‍ മാത്രം പിഴച്ചു-വധേര പറഞ്ഞു.