തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ഗോപി മുഖ്യമന്ത്രിയെ പുകഴ്ത്തി, എൽഡിഎഫിനെ സഹായിക്കാനാണ് ബിജെപി ശ്രമം..
നിലമ്പൂരിൽ ട്രെൻഡ് യുഡിഎഫിന് അനുകൂലമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫിനെ സഹായിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സ്ഥിരമായി യുഡിഎഫിന് വോട്ട് കിട്ടുന്ന ഇടങ്ങളിൽ മാത്രമാണ് ബിജെപിയുടെ പ്രചാരണം. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ഗോപി മുഖ്യമന്ത്രിയെ പുകഴ്ത്തി. നിലമ്പൂരിൽ തുടങ്ങിയ വിശുദ്ധ സഖ്യം നിലമ്പൂരിൽ തന്നെ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വെൽഫെയർ പാർട്ടിയുടെ പിന്തുണയെച്ചൊല്ലിയുള്ള രാഷ്ട്രീയപ്പോര് മുറുകുകയാണ്. വെൽഫെയർ പാർട്ടിയുടെ പിന്തുണയെ വിമർശിക്കുന്നതിലൂടെ സിപിഐഎം അവസരവാദമാണ് വ്യക്തമാകുന്നതെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. സിപിഐഎമ്മിന് ആരെയും കൂട്ടാം. സിപിഐഎം തൊട്ടാൽ എല്ലാവരും ശുദ്ധമാകും. സിപിഐമ്മിന്റെ കൂടെ കൂടാത്തവരെ അശുദ്ധരായി കാണുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. ‘തൈലാതി വസ്തുക്കൾ അശുദ്ധമായാൽ പൗലോസ് തൊട്ടാൽ ശുദ്ധമാകുമെന്നും’ അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിൻ്റ അവസരവാദനയം കേരള ജനതയ്ക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ജമാഅത്തെ ഇസ്‌ലാമിയുമായി എല്‍ഡിഎഫിന് പൂര്‍വ കാലബന്ധമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിപിഐഎമ്മിന് പിന്തുണ നല്‍കിയപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി മതേതര വാദികളും കോണ്‍ഗ്രസിനെ പിന്തുണച്ചപ്പോൾ വര്‍ഗീയ പ്രസ്ഥാനവുമാകുന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.
വർഗീയ പാർട്ടികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്നും വര്‍ഗീയ കൂട്ടുകെട്ട് പരാജയഭീതിപൂണ്ട് യുഡിഎഫ് സ്വീകരിക്കുന്ന അപകടകരമായ നിലപാടാണെന്നുമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. കേരളത്തിലെയും നിലമ്പൂരിലെയും ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പ്, പാലക്കാട്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകളിൽ അടക്കം വർഗീയവാദികളുമായി ചേർന്ന് മുന്നോട്ടുപോകുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഉൾപ്പെടെ അതിന്റെ പ്രത്യാഘാതം യുഡിഎഫ് അനുഭവിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.