യാത്രയ്ക്ക് മുമ്പ് തൂക്കിയപ്പോൾ 14 കിലോ, രണ്ടര മണിക്കൂർ യാത്ര കഴിഞ്ഞപ്പോൾ 13 കിലോ പോലുമില്ല! 

ലഗേജ് കൈകാര്യം ചെയ്യുന്നതിലെ അനാസ്ഥയും മോശം കസ്റ്റമർ സർവീസും ആരോപിച്ച് ഇൻഡിഗോ എയർലൈൻസിനെതിരെ പരാതിയുമായി യുവാവ്. ഡെലോയിറ്റിലെ ഒരു സീനിയർ അനലിസ്റ്റ് ആയ അഭിഷേക് കുമാർ എന്നയാളാണ് ദില്ലിയിൽ നിന്ന് ഹൈദരാബാദിലേക്ക് അടുത്തിടെ നടത്തിയ യാത്രയിലെ മോശം അനുഭവം വിശദീകരിച്ചുകൊണ്ട് ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്തത്.

ഹൈദരാബാദിൽ എത്തിയപ്പോൾ അഭിഷേകിന്‍റെ ചെക്ക്-ഇൻ ലഗേജ് ഗുരുതരമായി തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സിപ്പറുകൾ കീറിയ നിലയിലും ലോക്കുകൾ കാണാതാവുകയും ലഗേജിനുള്ളിലെ പലതും കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലുമായിരുന്നു. തന്‍റെ ബാഗിൽ നിന്ന് നിരവധി സാധനങ്ങൾ കാണാതായെന്നും അഭിഷേത് ആരോപിക്കുന്നുണ്ട്. ദില്ലിയിൽ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്തതിനേക്കാൾ ലഗേജിൽ നിന്ന് ഏകദേശം ഒരു കിലോഗ്രാം ഭാരം കുറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.

തന്‍റെ ലഗേജ് ഒരു ഡബ്ല്യു ഡബ്ല്യു ഇ മത്സരത്തിൽ നിന്ന് രക്ഷപ്പെട്ടത് പോലെയായിരുന്നു എന്നാണ് അഭിഷേക് വിശേഷിപ്പിച്ചത്. ഐജിഐയിൽ തന്‍റെ ബാഗിന് 14 കിലോയിലധികം ഭാരമുണ്ടായിരുന്നു. ഹൈദരാബാദിൽ എത്തിയപ്പോഴേക്കും അതിന് 13 കിലോ പോലും ഭാരമുണ്ടായിരുന്നില്ല എന്നും അദ്ദേഹം ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പറഞ്ഞു. ഇൻഡിഗോയുടെ സപ്പോർട്ട് ടീം ഈ വിഷയത്തില്‍ ഒരു സഹായവും നൽകാത്തതിനെയും അഭിഷേക് വിമര്‍ശിച്ചു.

പിന്നാലെ പ്രതികരണവുമായി ഇൻഡിഗോ എയര്‍ലൈൻസ് എത്തി. കോൺടാക്റ്റ് വിവരങ്ങളും പിഎൻആറും ഡിഎം വഴി പങ്കിടാൻ അഭ്യർത്ഥിക്കുന്നു, ഉടനടി ബന്ധപ്പെടാം എന്നാണ് എയര്‍ലൈൻസ് പ്രതികരിച്ചത്. ഈ മാസം ആദ്യം, ഗോവ ആസ്ഥാനമായുള്ള ഒരു സ്ത്രീയും തന്‍റെ ചെക്ക്-ഇൻ ലഗേജ് കേടായെന്ന് ആരോപിച്ച് ഇൻഡിഗോയെ വിമർശിച്ചിരുന്നു.

Related Articles

Back to top button