70 വർഷത്തെ ലിവ്-ഇൻ റിലേഷൻ..95കാരൻ്റെയും 90കാരിയുടെയും വിവാഹ സ്വപ്നം യാഥാർത്ഥ്യമാക്കി മക്കളും പേരക്കുട്ടികളും..
70 വർഷത്തെ ലിവിങ് ടുഗതര്‍ ബന്ധത്തിന് ശേഷം വൃദ്ധ ദമ്പതികൾ വിവാഹിതരായി. രാജസ്ഥാനിലെ ദുംഗർപൂർ ജില്ലയിലെ ഗലന്ദർ ഗ്രാമത്തിലാണ് സംഭവം. 95കാരനായ രമാ ഭായ് അംഗരിയും 90കാരിയായ ജിവാലി ദേവിയും വീട്ടുകാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വിവാഹിതരായത്. ദമ്പതികൾക്ക് എട്ട് മക്കളാണുളളത്. നാല് ആൺമക്കളും രണ്ട് പെൺമക്കളുമുള്ള ഇവർക്ക് നിരവധി പേരക്കുട്ടികളുണ്ട്.
നാല് പേർ നിലവിൽ സർക്കാർ ജോലിക്കാരാണ്. ഗലന്ദർ ഗ്രാമത്തിലെ കർഷകനാണ് മൂത്തമകൻ ബാക്കു അംഗരി (60). രണ്ടാമത്തെ മകൻ ശിവറാം (55), മൂന്നാമത്തെ മകൻ കാന്തിലാൽ (52) എന്നിവർ അധ്യാപകരാണ്. നാലമത്തെ ലക്ഷ്മണൻ (52) കർഷകനാണ്. ഇവരുടെ പെൺമക്കളായ സുനിത അധ്യാപികയും അനിത നഴ്‌സുമാണ്.
70 വർഷമായിട്ടും രമാ ഭായിയും ജിവാലി ദേവിയും ഇതുവരെ ഔദ്യോഗികമായി വിവാഹം കഴിച്ചിരുന്നില്ല. പരമ്പരാഗത ആചാരങ്ങളോടെ വിവാഹം കഴിക്കണമെന്ന ഇരുവരുടെയും ആഗ്രഹമാണ് ഒടുവിൽ വിവാഹത്തിൽ കലാശിച്ചത്. ഇരുവരും ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മക്കൾ തന്നെയാണ് വിവാഹത്തിനായുളള കാര്യങ്ങൾ മുൻകൈ എടുത്ത് ചെയ്തത്. ഹൽദി, മെഹന്ദി, ഡിജെ നൈറ്റ് എന്നീ ആഘോഷങ്ങളോടെയായിരുന്നു വിവാഹം.
ആയിരക്കണക്കിന് ആളുകളാണ് ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. എല്ലാം ചടങ്ങുകളുടെയും ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സാമൂഹ മാധ്യമങ്ങളിൽ വൈറലാണ്.