ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ.. ‘ലൈറ്റ് ഫിഷിങ്’ അടക്കമുള്ളവയ്ക്കെതിരേ കർശന നടപടി..
കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം. ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ഇനിയുള്ള 52 ദിവസത്തേക്ക് ട്രോളിങ് എന്ന മത്സ്യബന്ധനരീതി (കുത്തിക്കോരി മീൻപിടിത്തം)ക്ക് നിരോധനം ഏർപ്പെടുത്തുന്നത്. ഇന്ന് രാത്രി 12 മണിക്ക് നീണ്ടകര പാലത്തിന്റെ സ്പാനുകളെ ബന്ധിച്ച് ചങ്ങലയിടുന്നതോടെയാണ് ട്രോളിങ് നിരോധനത്തിന് തുടക്കമാകുക. അതേസമയം, കന്യാകുമാരി മുതൽ ഗുജറാത്തുവരെ ജൂൺ ഒന്നുമുതൽ കേന്ദ്രസർക്കാരും ട്രോളിങ് നിരോധനം നടപ്പാക്കിയിരിക്കുകയാണ്. രണ്ടു മാസത്തേക്കാണ് ഈ നിരോധനം.
ഇന്നു രാവിലെമുതൽ തീരപ്രദേശങ്ങളിൽ നിരോധനം സംബന്ധിച്ച് മൈക്കിലൂടെ അറിയിപ്പ് നൽകും. ഇതരസംസ്ഥാന ബോട്ടുകൾ തീരംവിട്ടുപോകണമെന്ന് നിർദേശമുണ്ട്. ഇതുറപ്പാക്കാൻ കടലിൽ പട്രോളിങ് ശക്തമാക്കും. പരമ്പരാഗത യാനങ്ങൾക്കുമാത്രമാണ് ട്രോളിങ് നിരോധനകാലയളവിൽ കടലിൽപ്പോകാൻ അനുമതിയുള്ളത്.
മറൈൻ എൻഫോഴ്‌സ്‌മെന്റും ഫിഷറീസ് വകുപ്പും ചേർന്നാണ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നത്. കളക്ടറുടെ നേതൃത്വത്തിൽ തഹസിൽദാർമാർ, സബ് കളക്ടർമാർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സമിതി സ്ഥിതിഗതികൾ വിലയിരുത്തും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനിടെ എന്തെങ്കിലും അപകടമുണ്ടായാൽ ബന്ധപ്പെടാൻ കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. നിരോധനകാലയളവിൽ തീവ്രപ്രകാശമുള്ള ബൾബുകൾ ഉപയോഗിച്ചുള്ള ‘ലൈറ്റ് ഫിഷിങ്’ അടക്കമുള്ളവയ്ക്കെതിരേ കർശന നടപടിയുണ്ടാകും.
പടിഞ്ഞാറൻ തീരക്കടലിൽ കന്യാകുമാരിമുതൽ ഗുജറാത്തുവരെ കേന്ദ്രസർക്കാർ ട്രോളിങ് നിരോധനം നടപ്പാക്കിയിട്ടുണ്ട്. ജൂൺ ഒന്നുമുതൽ രണ്ടുമാസത്തേക്കാണ് ഈ നിരോധനം. കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള ഉൾക്കടലിലും പരമ്പരാഗത യാനങ്ങൾക്ക് കടക്കാനാകില്ല.
കൊല്ലം തീരത്തുമാത്രം പ്രതിദിനം 35,000 ടണ്ണോളം മത്സ്യം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. പരമ്പരാഗത യാനങ്ങൾമാത്രം കടലിൽ പോകുന്നതോടെ മത്സ്യലഭ്യതയിൽ വലിയ കുറവുണ്ടാകും. ട്രോളിങ് നിരോധനംമൂലം ദുരിതത്തിലാകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആറുകിലോ വീതം സൗജന്യ റേഷൻ നൽകും. മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയിൽനിന്നുള്ള ആദ്യ രണ്ടുഗഡു തുകയും ജൂൺ, ജൂലായ് മാസങ്ങളിൽ നൽകും.
മത്തി, അയല, ചൂര, നെത്തോലി, വാള, പാര, പരവ തുടങ്ങിയ ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലമാണിത്. ആഴക്കടലിലാണ് കാണുന്നതെങ്കിലും കരിക്കാടി, പൂവാലൻ ചെമ്മീൻ ഇനങ്ങളുടെ പ്രജനനവും ഈ സമയത്താണ്. മീനുകളുടെ മുട്ട വിരിഞ്ഞുവരുന്ന സമയത്തെ പ്രധാന ആഹാരമായ പ്ലവഗങ്ങൾ, മൺസൂൺകാലത്ത് നദികൾ വഴി ധാരാളമായി കടലിൽ എത്തിച്ചേരുന്നതിനാലാണ് മത്സ്യങ്ങൾ ഈസമയം പ്രജനനത്തിന് തിരഞ്ഞെടുക്കുന്നത്. ഈസമയത്ത് കടലിന്റെ അടിത്തട്ട് ഇളകാതിരിക്കാൻവേണ്ടിയാണ് ട്രോളിങ് എന്ന മത്സ്യബന്ധനരീതി നിരോധിക്കുന്നത്.