ബാങ്കിലെ റിലേഷൻഷിപ്പ് മാനേജർ അക്കൗണ്ടുകളിൽ നിന്ന് തട്ടിയത് നാലര കോടി….
നാൽപ്പതിലേറെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് നാലര കോടി രൂപ തട്ടിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിലായതിന് പിന്നാലെ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷണം. ഐസിഐസിഐ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജറായിരുന്നു സാക്ഷി ഗുപ്തയാണ് കസ്റ്റമേഴ്സിന്‍റെ 110 അക്കൌണ്ടുകളിൽ നിന്നായി പണം പിൻവലിച്ചത്. സാക്ഷി ഒറ്റയ്ക്കാണോ ഇത്രയും വലിയ തട്ടിപ്പ് നടത്തിയത് എന്നതിനെ കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
ഈ വർഷം ഫെബ്രുവരി 18ന് ഐസിഐസിഐ ബാങ്കിന്‍റെ രാജസ്ഥാനിലെ കോട്ടയിൽ ഡിസിഎം ബ്രാഞ്ചിലെ മാനേജർ തരുണ്‍ ആണ് തട്ടിപ്പ് ഉദ്യോഗ് നഗർ പൊലീസിനെ അറിയിച്ചത്. 2020 -23 കാലഘട്ടത്തിൽ ബ്രാഞ്ചിലെ റിലേഷൻഷിപ്പ് മാനേജരായിരുന്ന സാക്ഷി ഗുപ്ത വിവിധ കസ്റ്റമേഴ്സിന്‍റെ അക്കൌണ്ടുകളിൽ നിന്നായി 4.58 കോടി രൂപ തട്ടി എന്നാണ് മാനേജർ നൽകിയ റിപ്പോർട്ട്. 41 ഉപഭോക്താക്കളുടെ 110 അക്കൌണ്ടുകളിൽ നിന്നാണ് അവരറിയാതെ സാക്ഷി പണം പിൻവലിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെ മെയ് 21ന് സാക്ഷിയെ അറസ്റ്റ് ചെയ്തു. ബാങ്കിന്‍റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പ്രകാരം സാക്ഷി തനിച്ചാണ് തട്ടിപ്പ് നടത്തിയത്. എന്നാൽ ഇക്കാര്യം കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് ഉദ്യോഗ് നഗർ സിഐ ജിതേന്ദ്ര സിങ് അറിയിച്ചു.