‘മദ്യവ്യാപനം മുഖ്യ കർമ്മ പദ്ധതിയാക്കി’…വാഗ്‌ദാനം ചെയ്ത ഒരുകാര്യവും സർക്കാർ നടപ്പാക്കിയില്ല..
സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വിഎം സുധീരൻ. മദ്യത്തിൻ്റെ ഉപയോഗം കുറയ്ക്കുമെന്ന് പറഞ്ഞ സർക്കാർ മദ്യവ്യാപനം മുഖ്യ കർമ പദ്ധതിയാക്കി. ഐടി മേഖലയിൽ പോലും മദ്യവിൽപനയ്ക്കുള്ള അവസരമൊരുക്കുന്നു. മദ്യ, മയക്കുമരുന്ന് സംഘങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. പിഎസ്‌സിയെ സർക്കാർ നോക്കുകുത്തിയാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി
പാരിസ്ഥിതിക, സാമൂഹിക റിപ്പോർട്ടുകൾ പരിഗണിക്കാതെ തട്ടിക്കൂട്ടി ചെയ്തതാണ് ദേശീയപാതയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിൻ്റെ തെളിവാണ് കൂരിയാട് ഉൾപ്പെടയുള്ള സ്ഥലങ്ങളിൽ കണ്ടത്. ദേശീയപാത നിർമ്മാണത്തിൽ നഗ്നമായ അഴിമതി നടന്നിട്ടുണ്ട്, അതുകൊണ്ടാണ് കേന്ദ്രം നടപടി എടുത്തത്. എൻഎച്ച്എഐക്കെതിരെ ഒരു പ്രതിഷേധ ശബ്ദം പോലും ഉയർത്താൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും നിഷ്ക്രിയരായി നോക്കി നിന്നു. സർക്കാരിന് അടിമ മനോഭാവമാണ്. പിണറായി സർക്കാരും മോദി സർക്കാരും തമ്മിൽ അന്തർധാരയുണ്ട്. ഈ ജനദ്രോഹ സർക്കാരിൻ്റെ അന്ത്യം കുറിക്കുന്നതാകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും മുൻ കെപിസിസി പ്രസിഡൻ്റ് കൂടിയായ അദ്ദേഹം പറഞ്ഞു