പെരുന്നാളിന് അറക്കാനെത്തിച്ച പോത്ത് വിരണ്ടോടി..വലയിട്ട് കുടുക്കിയത്..

പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. കാസര്‍കോട് തളങ്കര പാങ്കോട് എന്ന സ്ഥലത്ത് ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോട് കൂടിയാണ് സംഭവം. പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത് കയർ പൊട്ടിച്ച് ഓടി പോവുകയായിരുന്നു. അക്രമാസക്തമായ പോത്ത് ആൾക്കാരെ ആക്രമിക്കാൻ ശ്രമം നടത്തുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ആളുകൾ ഓടി രക്ഷപ്പെടുകയായിരുന്നു

പോത്തിനെ പിടിക്കാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പോത്ത് ഓടി തൊട്ടടുത്ത ആയിഷയുടെ വീട്ടുവളപ്പിൽ കയറുകയായിരുന്നു. ഉടനെ നാട്ടുകാർ കാസർകോട് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സീനിയർ ഫയർആൻഡ് റെസ്ക്യൂ ഓഫീസർ വി സുകുവിന്‍റെ നേതൃത്വത്തിൽ സേനയെത്തി ഒന്നരമണിക്കൂർ ശ്രമഫലമായിട്ടാണ് പോത്തിനെ പിടിക്കാൻ കഴിഞ്ഞത്.

പോത്ത് ഓടുന്ന വഴിയിൽ സേനയുടെ വലിയ റെസ്ക്യൂ നെറ്റ് കെട്ടി അതിൽ ഓടിച്ചു കയറ്റുകയായിരുന്നു. നാട്ടുകാരും സേനാംഗങ്ങളും കൂടി പിടിച്ചു കെട്ടിയതിനു ശേഷം അഷറഫ് തളങ്കര എന്നയാളെ ഏൽപ്പിച്ചു. സേനാംഗങ്ങളായ ഒ കെ പ്രജിത്ത്, എസ് അരുൺകുമാർ, വി എസ് ഗോകുൽ കൃഷ്ണൻ, എം എ വൈശാഖ്, അതുൽ രവി , ഹോം ഗാർഡുമാരായ ടി വി പ്രവീൺ, കെ വി ശ്രീജിത്ത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു

Related Articles

Back to top button