മുകേഷ് എംഎൽഎയുടെ വീടിന് മുന്നിലൂടെയുള്ള റോഡ് കുളമായിട്ട് വർഷങ്ങൾ..നന്നാക്കാൻ ഇനിയും നടപടിയില്ല..
നടനും നിയമസഭാംഗവുമായ എം. മുകേഷിന്റെ വീടിന് മുന്നിലെ റോഡ് കുളമായിട്ട് വർഷങ്ങളായി. കൊല്ലം പ്രശാന്ത് നഗറിലുടെയുള്ള റോഡ് നന്നാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ മുട്ടാത്ത വാതിലുകളില്ല. എന്നാൽ, ഒമ്പത് വർഷമായിട്ടും ഈ റോഡിന് ശാപമോക്ഷം ലഭിച്ചിട്ടില്ല.
കൊല്ലം എംഎൽഎ മുകേഷിന്റെ വീടിന് മുന്നിലൂടെയാണെങ്കിലും ഇരവിപുരം മണ്ഡലത്തിൽ ഉൾപ്പെട്ട റോഡാണിത്. ഇരവിപുരവും ഭരണകക്ഷിയായ സിപിഎമ്മിന്റെ എംഎൽഎയുള്ള മണ്ഡലമാണ്. പ്രശാന്ത് നഗറിലൂടെയുള്ള ഈ റോഡ് കൊല്ലം നഗരത്തിലേക്കുള്ള എളുപ്പവഴിയാണ്. എന്നാൽ, നാട്ടുകാർ സഞ്ചരിക്കുന്നത് ജീവൻ പണയം വെച്ചും.
എസ്.എൻ.ഡി.പി നഗർ എൽ.പി സ്കൂളിലെ വിദ്യാർഥികൾ മുതൽ എസ്.കോളജിലെ വിദ്യാർഥികൾ വരെ, ദിനവും സഞ്ചരിക്കുന്നത് നിരവധി പേരാണ്. പലരും സർക്കസ് വരെ കാണിച്ചാണ് ഈ റോഡിലെ കുഴികൾ താണ്ടുന്നത്. ഇരു ചക്രവാഹനങ്ങളിൽ പോകുന്നവർ മറിഞ്ഞു വീഴുന്നത് ഇവിടത്തെ നിത്യക്കാഴ്ചയാണ്. റോഡ് നവീകരണത്തിനായി ഇവിടത്തുകാർ മുട്ടാത്ത വാതിലുകളില്ല.
ഇരവിപുരം മണ്ഡത്തിലുൾപ്പെട്ട ഈ റോഡിൻറെ നവീകരണത്തിനായി പലവട്ടം ഫണ്ട് അനുവദിച്ചതാണ്. പൊതുമരാമത്ത് വകുപ്പിൻറെ കീഴിലുള്ള റോഡിൻറെ നിർമാണപ്രവർത്തനങ്ങൾ എന്നു നടക്കും എന്നകാര്യത്തിൽ നാട്ടുകാർക്കും ഒരു നിശ്ചയവുമില്ല. റോഡ് നിർമാണം നടക്കാത്തതിനു അധികൃതർ നിരത്തുന്നത് നിരവധി കാരണങ്ങളാണ്. ഇവയൊക്കെ പരിഹരിച്ച് എന്ന് റോഡ് നന്നാവും എന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.