ഭാരതാംബയുടെ ചിത്രത്തെ എതിർക്കുന്നത് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗം…

ഭാരതാംബയുടെ ചിത്രത്തെ എതിർക്കുന്നത് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രത്യേക വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഇവരുടെ നീക്കം. പെഹൽഗാമിൽ മതം ചോദിച്ചു കൊന്ന ഭീകരർക്കെതിരെയും ഹമാസിനെതിരെയും പറഞ്ഞാൽ ബി ജെ പിയെ വർഗീയവാദികളെന്ന് വിളിക്കുന്നവരാണ് പ്രീണനത്തിന് വേണ്ടി നമ്മുടെ ദേശീയതയെ അപമാനിക്കുന്നത്. തരംതാഴ്ന്ന രാഷ്ട്രീയമാണ് എൽ ഡി എഫും യു ഡി എഫും കാട്ടുന്നത്. ഹിന്ദു വിശ്വാസങ്ങളെയും ദേശീയതയും എതിർത്താൽ മുസ്ലിം വോട്ട് ലഭിക്കും എന്ന തെറ്റിദ്ധാരണയാണ് ഇതിന് പിന്നിൽ. ഇന്ത്യയിലെ മുസ്ലിംകൾ എല്ലാവരും ദേശഭക്തരാണ്, അവരെ വിഡ്ഢികളാക്കാൻ ആണ് എൽ ഡി എഫും യു ഡി എഫും ശ്രമിക്കുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു

ഭരണഘടനാ സ്ഥാനമായ ഗവർണറെ ബഹുമാനിക്കുക എന്നതാണ് സർക്കാരിന്റെ കടമ, എന്നാൽ അത് ചെയ്യുന്നില്ല എന്നുമാത്രമല്ല രാജഭവനെയും ഗവർണറെയും അപമാനിക്കുകയാണ്. ഇത് ശരിയല്ല. പ്രീണന രാഷ്ട്രീയത്തിൽ കോൺഗ്രസും സി പി എമ്മും പരസ്പരം മത്സരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂരിൽ ഭാരതം വിജയിച്ചു എന്നത് ലോകം മുഴുവൻ അംഗീകരിക്കുമ്പോഴും കോൺഗ്രസ് നേതാക്കളും സി പി എം നേതാക്കളും അതിനെതിരെ പറയുന്നു. ഇതെല്ലാം ലക്ഷ്യം വെക്കുന്നത് പ്രീണന രാഷ്ട്രീയത്തിലേക്കാണെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.

അതേസമയം രാജ്ഭവനിലെ ഭാരത മാതാവ് ചിത്ര വിവാദത്തിൽ നിലപാട് കടുപ്പിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ രംഗത്തെത്തി. ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ലെന്നും ഭാരതാംബ രാജ്യത്തിന്‍റെ അടയാളമെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിമാർക്കെതിരെ ഗവർണർ രൂക്ഷ വിമർശനവും നടത്തി. ഭാരതാംബയുടെ ചിത്രമുള്ളിടത്ത് മന്ത്രിമാർക്ക് വരാൻ കഴിയാത്ത എന്ത് പ്രശ്നമാണുള്ളതെന്ന് ഗവർണർ ചോദിച്ചു. രാജ്ഭവനിലെ ഭാരത മാതാവ് ചിത്ര വിവാദത്തെ തുടർന്ന് പരിസ്ഥിതി ദിനാഘോഷത്തിന്റെ ചിത്രങ്ങളും രാജ്ഭവൻ പുറത്തുവിട്ടു. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ തന്നെയാണ് രാജ്ഭവനിൽ പരിസ്ഥിതി ദിനാഘോഷം നടത്തിയതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചിത്രത്തിന് മുന്നിൽ പൂക്കൾ അർപ്പിച്ചാണ് ​ഗവർണർ പരിപാടി ആരംഭിച്ചത്.

Related Articles

Back to top button