ഇന്ത്യയിൽ ഇനിയൊരിക്കലും ഈ മൂന്ന് നോട്ടുകൾ പ്രിന്‍റ് ചെയ്യില്ല.. ഉപയോഗിക്കാമോ? അറിയാം..

റിസർവ് ബാങ്ക് പുറത്തിറക്കുന്ന നോട്ടുകളിൽ മൂന്ന് മൂല്യങ്ങളിലുള്ളവ ഇനി അച്ചടിക്കില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്. ആർബിഐപുറത്തിക്കുന്ന കറൻസികളിൽ ബാങ്ക് നോട്ടുകൾ, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC), നാണയങ്ങൾ എന്നിവ ഉൾപ്പെടുന്നുണ്ട്. ഇതിൽ നിലവിൽ പ്രചാരത്തിലുള്ള നോട്ടുകൾ 2, 5, 10, 20, 50, 100, 200, 500, 2000 രൂപ എന്നിവയാണ്. ഇതിൽ ഇനി 2, 5, 2000 രൂപ മൂല്യങ്ങളുടെ നോട്ടുകൾ അച്ചടിക്കില്ല എന്നാണ് ആർബിഐയുടെ റിപ്പോർട്ടിൽ പറയുന്നത്

അതേസമയം, 2, 5 രൂപ നോട്ടുകളുടെ ഉപയോ​ഗം ആർബിഐ തടഞ്ഞിട്ടില്ല. കൈവശം ഇപ്പോഴും 2, 5 രൂപ നോട്ടുകൾ ഉണ്ടെങ്കിൽ അവ ഉപയോഗിക്കാം. എന്നാൽ 2000 രൂപയുടെ ഉപയോ​ഗിക്കാനാകില്ല. ഇത് കൈവശം ഉണ്ടെങ്കിൽ ആർ‌ബി‌ഐയുടെ ശാഖകളിൽ പോയി അവ മാറ്റാവുന്നതാണ്. റിസർവ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകളിൽ 2000 രൂപ നോട്ടുകൾ കൈമാറ്റം ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സൗകര്യം ലഭ്യമാണ്. 2023 മെയ് 19 ന് 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി ആർ‌ബി‌ഐ പ്രഖ്യാപിച്ചിരുന്നു. അന്ന് വ്യാപാരം അവസാനിക്കുമ്പോൾ 3.56 ലക്ഷം കോടി രൂപയായിരുന്ന വിനിമയത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം. ഇത് 2025 മെയ് 31 ആയപ്പോൾ 6,181 കോടി രൂപയായി കുറഞ്ഞുവെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

2024-25 കാലയളവിൽ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യവും അളവും യഥാക്രമം 6.0 ശതമാനവും 5.6 ശതമാനവും വർദ്ധിച്ചുവെന്ന് ആർ‌ബി‌ഐ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ആകെ പ്രചാരത്തിലുള്ള നോട്ടുകളുടെ ഏറ്റവും ഉയർന്ന വിഹിതം വഹിക്കുന്നത് 500 രൂപ നോട്ടുകളാണ്. 40.9 ശതമാനമാണിത്. തൊട്ടുപിന്നാലെ 10 രൂപ നോട്ടുകളാണുള്ളത്. 16.4 ശതമാനമാണ് പത്ത് രൂപ നോട്ടുകളുടെ വിഹിതം. താഴ്ന്ന മൂല്യമുള്ള നോട്ടുകൾ 31.7 ശതമാനമാണ്

Related Articles

Back to top button