ചരക്കുകപ്പൽ മുങ്ങിയ സംഭവം… കണ്ടെയ്നറുകളിലുണ്ടായിരുന്നത് ഇവയൊക്കെ…
മുങ്ങിയ ചരക്കുകപ്പലിൽ കണ്ടെയ്നറുകളിലുണ്ടായിരുന്ന വസ്തുക്കളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. കാൽസ്യം കാർബൈഡ് മുതൽ തേങ്ങവരെ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. 643 കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നതെന്ന് സർക്കാർ പറയുമ്പോൾ 640 കണ്ടെയ്നറുകളിലെ വിവരങ്ങളാണ് കപ്പൽ അധികൃതർ കൈമാറിയിട്ടുള്ളത്.
13 കണ്ടെയ്നറുകളിലുള്ളത് കാൽസ്യം കാർബൈഡ് എന്ന രാസവസ്തുവാണ്. ഇത് വെള്ളവുമായി ചേർന്ന് പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന അസെറ്റിലീൻ വാതകം മനുഷ്യശരീരത്തിന് ഹാനികരമാണ്. കാൽസ്യം കാർബൈഡുള്ള 13 കണ്ടെയ്നറുകളിൽ ഏഴെണ്ണമാണ് കടലിൽ വീണത്. ബാക്കിയുള്ളവ കപ്പലിൽ തന്നെയാണുള്ളത്.
‘CASH’ എന്ന് രേഖപ്പെടുത്തിയ നാലു കണ്ടെയ്നറുകളുമുണ്ട്. 71 കണ്ടെയ്നറുകൾ കാലിയാണ്. 46 എണ്ണത്തിൽ തേങ്ങയും കശുവണ്ടിയുമുണ്ട്. 87 കണ്ടെയ്നറുകളിൽ തടിയും 60 കണ്ടെയ്നറുകളിൽ പോളിമർ അസംസ്കൃത വസ്തുക്കളുമാണെന്നും റിപ്പോർട്ടിലുണ്ട്. 39 കണ്ടെയ്നറുകളിൽ വസ്ത്രനിർമാണത്തിനുള്ള പഞ്ഞിയാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.



