ആളില്ലാത്ത വീട്ടിൽ മോഷണം.. മോഷ്ടാക്കൾ മടങ്ങിയത് ചോറും മീൻ കറിയും അച്ചാറും കഴിച്ച്.. പാലെടുത്ത് ചായയുമിട്ടു കുടിച്ചു…

ആളില്ലാത്ത വീട്ടിൽ കക്കാൻ കയറിയ മോഷ്ടാക്കൾ ഭക്ഷണവും കഴിച്ച് മടങ്ങി.കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചര്‍ച്ച് റോഡില്‍ മുണ്ടപ്ലാക്കല്‍ വര്‍ഗ്ഗീസിന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയവരാണ് ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന ചോറും മീന്‍ കറിയും അച്ചാറും കഴിച്ച് സ്ഥലം വിട്ടത്. കൂടാതെ പോകും മുമ്പ് ഫ്രിഡ്ജില്‍ നിന്നും പാലെടുത്ത് ചായയിട്ട് കുടിക്കുകയും ചെയ്തിട്ടുണ്ട്.

മൂന്നു ഗ്ലാസുകളിലാണ് ചായ കുടിച്ചത്. അകത്തുണ്ടായിരുന്നത് രണ്ടു കസേരകളായിരുന്നതിനാൽ പുറത്തുണ്ടായിരുന്ന ഒരു കസേര കൂടി ഡൈനിങ് ടേബിളിന്റെ അടുത്ത് കൊണ്ടിട്ടിട്ടുമുണ്ട്. അതിനാൽ തന്നെ മോഷണസംഘത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതായാണ് അനുമാനിക്കുന്നത്. വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്താണ് സംഭവം നടന്നത്.അയൽപക്കത്തെ വീട്ടുകാർ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് സമീപപ്രദേശത്തു നിന്നും ബന്ധുക്കളെ വീട്ടിലേക്ക് അയച്ചു. അവർ വന്ന് നോക്കുമ്പോഴാണ് മോഷണ ശ്രമം പുറത്തറിഞ്ഞത്. വീട്ടിലുളള സാധനങ്ങളെല്ലാം വലിച്ചിട്ട നിലയിലാണ്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button