എയർപോർട്ടിൽ കാറ് പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് തർക്കം… ഡ്രൈവർമാരും സെക്യൂരിറ്റി സ്റ്റാഫുകളും തമ്മിൽ തർക്കം… കലാശിച്ചത്…
എയർപോർട്ടിൽ കാറ് പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് തർക്കം. കലാശിച്ചത് സെക്യൂരിറ്റി ഉദ്യോഗസ്ഥരും ക്യാബ് ഡ്രൈവർമാരും തമ്മിലുള്ള കൂട്ടത്തല്ലിൽ. മുംബൈ എയർപോർട്ടിൻറെ സുരക്ഷാ ചുമതലയുള്ള ക്രിസ്റ്റൽ സെക്യൂരിറ്റി സ്റ്റാഫും സ്വകാര്യ ടാക്സി ഡ്രൈവർമാരുമാണ് എയർപോർട്ടിൽ വച്ച് തമ്മിലടിച്ചതെന്നാണ് പറയുന്നത്.
ഡ്രൈവർമാരും സെക്യൂരിറ്റി സ്റ്റാഫുകളും തമ്മിലുള്ള രൂക്ഷമായ തർക്കം പെട്ടെന്ന് ശാരീരികമായ അക്രമത്തിലേക്ക് വഴിമാറുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇരുഭാഗങ്ങളിലുമായി പത്ത് പതിനഞ്ചോളം പേർ എയർപോർട്ടിന് മുന്നിൽ വച്ച് പരസ്പരം അടികൂടന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോയുടെ തുടക്കത്തിൽ ഒരാളെ മൂന്നാല് പേർ ചേർന്ന് തല്ലുന്നത് കാണാം. ചില സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇത് നോക്കി നിൽക്കുന്നു. ഇതിനിടെ മറ്റൊരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഓടിയെത്തി ഒരു കാർ ഡ്രൈവറെ തല്ലുന്നു. തൊട്ട് അപ്പുറത്ത് ഒരു കാറിൻറെ സൈഡിലിട്ട് ഒരാളെ മൂന്നാല് പേർ തല്ലുന്നതും വീഡിയോയിൽ കാണാം.
പ്രശ്നം കൂട്ടത്തല്ലിലേക്ക് വഴിമാറുകയും ആളുകൾ ഓടി നടന്ന് പരസ്പരം അടികൂടുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇതിനിടെ പ്രശ്നത്തിൽ ഇടപ്പെട്ട് ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനെത്തുമെങ്കിലും പെട്ടെന്ന് സംഘർഷം രൂക്ഷമാകുന്നു. ഇതോടെ കൂടുതൽ പേരെത്തി സംഘർഷത്തിലേർപ്പെടുന്നവരെ പിടിച്ച് മാറ്റുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുകക്ഷികൾക്കുമെതിരെ കേസെടുത്തതായി സഹർ പോലീസ് അറിയിച്ചു. സംഘർഷത്തിലേർപ്പെട്ടവരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പോലീസ് പറഞ്ഞു. നിലവിൽ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സംഭവത്തിൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ രാജ്യത്തിൻറെ യശസിന് കളങ്കം വരുത്തിയെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആരോപിച്ചു.