യുവാവിനെ കടിച്ചത് മൂർഖൻ.. രോഗിയ്ക്കൊപ്പം ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്…
പാമ്പ് കടിയേറ്റ യുവാവിനൊപ്പം കടിച്ച മൂർഖനെയും ചാക്കിലാക്കി ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിൽ വെച്ച് ഇവർ പാമ്പിനെ ചാക്ക് ഉൾപ്പെടെ പുറത്തെടുത്തതോടെ ആശുപത്രിയിൽ മറ്റ് രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടർമാരും പരക്കംപാഞ്ഞു. മദ്ധ്യപ്രദേശിലെ ബേടുലിലുള്ള ജില്ലാ ആശുപത്രിയിലാണ് സംഭവം.
സുഖറാം എന്ന യുവാവിനെയാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റ് ബന്ധുക്കൾ ആദ്യം നാട്ടിലെ ഒരു വൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോയത്. അവിടെ നിന്ന് ആംബുലൻസ് വിളിച്ച് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഈ സമയമൊക്കെ പാമ്പിനെയും ചാക്കിലാക്കി ഒപ്പം വെച്ചിരുന്നു. പാമ്പ് ഉണ്ടെന്ന് അറിയാതെയാണ് ആംബുലൻസ് ജീവനക്കാർ സുഖറാമിനെയും ബന്ധുക്കളെയും കൊണ്ടുപോയത്. അത്യഹിത വിഭാഗത്തിൽ രോഗിയെ പ്രവേശിപ്പിച്ച് ഡോക്ടർമാർ പരിശോധിക്കുന്നിതിനിടെ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പാമ്പിനെയും കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞ് ബന്ധുക്കൾ മൂർഖനെ പുറത്തെടുത്തത്.