റോട്ടിൽ കാത്തു നിന്ന ഓട്ടോ ഡ്രൈവറെ ക്രൂരമായി ആക്രമിച്ച് റോട്ട്‌വീലർ..
ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച് രണ്ട് റോട്ട്‌വീലർ നായകൾ. ചെന്നൈയിലെ വാഷർമാൻപേട്ടിന് സമീപമാണ് സംഭവം. പ്രദേശത്ത് കാത്തു നിന്നിരുന്ന ഓട്ടോ ഡ്രൈവർക്കാണ് നായകളുടെ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായ പരിക്കേറ്റു. പ്രായപൂർത്തിയാകാത്ത ഒരു ആണ്‍കുട്ടിയോടൊപ്പമാണ് കെട്ടിയിട്ട നിലയിൽ ആണ് റോട്ട്‌വീലർ നായകൾ ഉണ്ടായിരുന്നത്.
സംഭവത്തിൽ നായകളുടെ ഉടമയായ മഹേന്ദ്രനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാളെ റിമാന്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ആക്രമണം നടന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമിച്ച നായകൾക്ക് വാക്സിനേഷൻ നൽകിയതാണെങ്കിലും അവയെ ചെന്നൈ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിലൂടെ പൊലീസ് കണ്ടെത്തി. കൂടുതൽ പരിശോധനയ്ക്കായി റോട്ട്‌വീലറുകളെ സിറ്റി പൗണ്ടിലേക്ക് കൊണ്ടുപോയതായി അധികൃതർ സ്ഥിരീകരിച്ചു.
പരിക്കേറ്റ ഓട്ടോ ഡ്രൈവർ നിലവിൽ ഒരു സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ഭാര്യയാണ് പൊലീസിൽ പരാതി നൽകിയത്. നടു റോട്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കൊപ്പം നായയെ വിട്ടത് സംബന്ധിച്ചും വാഗ്വാദങ്ങൾ നടന്നു വരികയാണ്.