പതിനെട്ട് വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു.. ആർസിബിക്ക് കിരീടം…
ഐപിഎൽ 2025 ന്റെ കലാശപ്പോരിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. നീണ്ട പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കോഹ്‌ലിയും സംഘവും കപ്പുയർത്തുന്നത്.അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ 190 റൺസ് നേടിയപ്പോൾ പഞ്ചാബിന്റെ മറുപടി 184 ൽ അവസാനിച്ചു.
30 പന്തില്‍ പുറത്താവാതെ 61 റണ്‍സെടുത്ത ശശാങ്ക് സിംഗിന്‍റെ പോരാട്ടമാണ് പഞ്ചാബിന്‍റെ തോല്‍വിഭാരം കുറച്ചത്. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ അവസാന ഓവറില്‍ 28 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജോഷ് ഹേസല്‍വുഡിന്‍റെ ആദ്യ രണ്ട് പന്തിലും റണ്ണെടുക്കാതിരുന്ന ശശാങ്ക് അവസാന നാലു പന്തിൽ മൂന്ന് സിക്സും ഒരു ഫോറും പറത്തിയെങ്കിലും ആറ് റണ്‍സകലെ പഞ്ചാബ് കിരീടം കൈവിട്ടു.ശശാങ്കിന് പുറമെ 29 പന്തില്‍ 39 റണ്‍സെടുത്ത ജോഷ് ഇംഗ്ലി മാത്രമാണ് പഞ്ചാബ് നിരയില്‍ പൊരുതിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒരു റണ്ണുമായി മടങ്ങിയപ്പോള്‍ നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി ഇംഗ്ലിസിന്‍റെ അടക്കം രണ്ട് വിക്കറ്റെടുത്ത ക്രുനാല്‍ പാണ്ഡ്യ ആര്‍സിബിക്കായി നിര്‍ണായക പ്രകടനം പുറത്തെടുത്തു.