നിലമ്പൂരിൽ അൻവറിന് വീണ്ടും തിരിച്ചടി…
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിനെ ആം ആദ്മി പാർട്ടി പിന്തുണക്കില്ല. പിവി അൻവറിൻ്റെ മുന്നണിയിലും ആം ആദ്മി പാർട്ടി ഭാഗമാകില്ല.
അതേസമയം,നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ലഭിച്ച 25 നാമനിര്‍ദേശ പത്രികകളുടെയും സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്മപരിശോധനയില്‍ ഡെമ്മി സ്ഥാനാർഥികളുടേത് ഉൾപ്പെടെ ഏഴ് പത്രികകള്‍ വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ അപൂര്‍വ ത്രിപാഠി തള്ളി. 18 പത്രികകൾ സ്വീകരിച്ചു.
തള്ളിയ പത്രികകള്‍
സാദിക് നടുത്തൊടി (എസ്ഡിപിഐ), പി വി അന്‍വര്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), സുന്നജന്‍ (സ്വതന്ത്രന്‍), ടി എം ഹരിദാസ് (നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി), ജോമോന്‍ വര്‍ഗീസ് (സ്വതന്ത്രന്‍), ഡോ. കെ പത്മരാജന്‍ (സ്വതന്ത്രന്‍), എം അബ്ദുല്‍ സലീം (സിപിഐഎം).
സ്വീകരിച്ച പത്രികകള്‍
ഷൗക്കത്തലി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം സ്വരാജ് (സിപിഐ)(എം), മോഹന്‍ ജോര്‍ജ് (ബിജെപി), ഹരിനാരായണന്‍ (ശിവസേന), എന്‍ ജയരാജന്‍ (സ്വതന്ത്രന്‍), പി വി അന്‍വര്‍ (സ്വതന്ത്രന്‍), മുജീബ് (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി), അബ്ദുറഹ്‌മാന്‍ കിഴക്കേത്തൊടി (സ്വതന്ത്രന്‍), എ കെ അന്‍വര്‍ സാദത്ത് (സ്വതന്ത്രന്‍), പി.രതീഷ് (സ്വതന്ത്രന്‍), പി. രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍), ജി സതീഷ് കുമാര്‍ (സോഷ്യലിസ്റ്റ് ജനതാദള്‍), വിജയന്‍ (സ്വതന്ത്രന്‍), സാദിഖ് നടുത്തൊടി(എസ്ഡിപിഐ).
നിലമ്പൂര്‍ മണ്ഡലം വരണാധികാരിയും പെരിന്തല്‍മണ്ണ സബ്കളക്ടറുമായ അപൂര്‍വ ത്രിപാഠി, ഉപവരണാധികാരിയും നിലമ്പൂര്‍ തഹസില്‍ദാറുമായ എം പി സിന്ധു, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സൂക്ഷ്മപരിശോധനയില്‍ പങ്കെടുത്തു. നാമനിര്‍ദേശപത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ അഞ്ചിന് (വ്യാഴം) വൈകുന്നേരം മൂന്നു വരെയാണ്. ഇതിനുശേഷം അവശേഷിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കും. ജൂണ്‍ 19നാണ് വോട്ടെടുപ്പ്. 23ന് വോട്ടെണ്ണും.
അതേസമയം, തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി സമർപ്പിച്ച നാമനിർദ്ദേശപത്രിക തള്ളാൻ അറിഞ്ഞ് കൊണ്ട് അൻവർ സാഹചര്യമൊരുക്കിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുമ്പ് രണ്ട് തവണ മത്സരിച്ച ഓട്ടോറിക്ഷ ചിഹ്നം ലഭിക്കാൻ അൻവറുണ്ടാക്കിയ തിരക്കഥയുടെ ഭാഗമാണ് ‘നാമ നിർദ്ദേശപത്രിക തള്ളൽ’ എന്ന ആരോപണമാണ് ശക്തമാകുന്നത്. നാമനിർദ്ദേശപത്രിക നൽകുന്നതിന് മുമ്പ് തന്നെ പി വി അൻവർ താൻ സ്വതന്ത്രനായും പത്രിക നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. തൃണമൂൽ കോൺഗ്രസ് കേരളത്തിൽ രജിസ്ട്രേഡ് പാർട്ടി അല്ലെന്നും ഈ കാരണത്താൽ ചില പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ടെന്നും പറഞ്ഞാണ് സ്വതന്ത്രനായി പത്രിക നൽകുന്നതെന്നാണ് അൻവർ അവകാശപ്പെട്ടത്. ഈ പ്രശ്നം നേരത്തെ അറിയാമായിരുന്നിട്ടും, ഇത് തിരുത്താൻ സമയം ഉണ്ടായിരുന്നിട്ടും അത് ചെയ്യാതെയാണ് അൻവർ നാമ നിർദ്ദേശപത്രിക നൽകിയത്. അൻവർ സ്വതന്ത്രനായി മത്സരിക്കാൻ നേരത്തെ ഉറച്ചു തന്നെയാണ് ഇത്തരത്തിൽ ഒരു നീക്കം നടത്തിയതെന്നാണ് വ്യക്തമാകുന്നത്.