അമ്പലപ്പുഴയിൽ വൈദ്യുത പോസ്റ്റിന് തീപിടിച്ചു.. കേബിളുകൾ കത്തിനശിച്ചു.. അറിയിക്കാൻ കെഎസ്ഇബിക്കാരെ കിട്ടുന്നില്ല..

അമ്പലപ്പുഴ: വൈദ്യുത പോസ്റ്റിന് തീപിടിച്ചു. അമ്പലപ്പുഴ കച്ചേരി മുക്കിന് സമീപം ബിഎസ്എൻഎൽ ഓഫീസിന് മുന്നിലുള്ള ട്രാൻസ്‍ഫോർമറിനരികിലുള്ള വൈദ്യുത പോസ്റ്റിനാണ് ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ തീ പിടിച്ചത്. തീ പിടുത്തത്തെത്തുടർന്ന് ബിഎസ്എൻഎല്ലിന്റെ കേബിളുകളും കത്തിനശിച്ചു. അര മണിക്കൂറോളം തീ പിടിത്തം നീണ്ടുനിന്നു. 

അപകട വിവരം അറിഞ്ഞ് നാട്ടുകാർ തൊട്ടടുത്തുള്ള അമ്പലപ്പുഴ കെഎസ്ഇബി ഓഫീസിലേക്ക് പല തവണ വിളിച്ചെങ്കിലും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ആരോപണമുണ്ട്. മഴ കനത്തതോടെ പലയിടത്തും വൈദ്യുതി മുടക്കം പതിവായതിനാൽ ഓഫീസിലെ ലാന്റ് ഫോൺ മാറ്റി വെച്ചിരിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഏതാനും ആഴ്ച മുൻപും സമാനമായ രീതിയിൽ ഈ വൈദ്യുത പോസ്റ്റിൽ തീ പിടുത്തമുണ്ടായപ്പോഴും ഇതേ അവസ്ഥയായിരുന്നുവെന്നും അവർ പറയുന്നു. ഇന്നലത്തെ അപകടത്തിന് ശേഷം കച്ചേരി മുക്കിന് കിഴക്ക് ഭാഗത്തേക്ക് മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിലച്ചിരുന്നു. ഇവിടെ അപകടം തുടർക്കഥയായിട്ടും സമീപത്തെ മരച്ചില്ലകൾ വെട്ടിമാറ്റാൻ കെഎസ്ഇബി അധികൃതർ തയ്യാറായിട്ടില്ലെന്നും ഇവിടുത്തെ നാട്ടുകാർ പരാതിപ്പെട്ടു.

Related Articles

Back to top button