മാല മോഷ്ടിക്കാൻ മുത്തശ്ശിയെ കൊലപ്പെടുത്താൻ ശ്രമം.. കൊച്ചുമകൻ പൊലീസ് പിടിയിൽ…
95വയസ് പ്രായമുള്ള മുത്തശിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം സ്വർണ്ണമാല കവർന്ന കൊച്ചുമകൻ പൊലീസിന്റെ പിടിയിൽ. അടിമാലിക്കു സമീപം മച്ചിപ്ലാവ് പുളിക്കൽ മേരിയെയാണ് കൊച്ചുമകൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ മേരിയുടെ മൂത്ത മകനായ മൈക്കിളിൻ്റെ മകൻ അഭിലാഷ് എന്ന ആന്റണിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കുടുംബത്തിലെ മറ്റുള്ളവർ പള്ളിയിൽ പോയ സമയത്താണ് ഇയാൾ കട്ടിലിൽ കിടക്കുകയായിരുന്ന മുത്തശിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചത്.തുടർന്ന് ഇയാൾ മാല നെടുംകണ്ടത്ത് വിറ്റതായും പൊലീസിന് മൊഴി നൽകി. എന്നാൽ മാല അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായില്ല. അതേസമയം അഭിലാഷ് മുൻപും ഇത്തരം കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും ഇയാൾ ജയിലിൽ നിന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇറങ്ങിയതെന്നും പൊലീസ് പറഞ്ഞു.



