കെ സുധാകരന്‍ അടക്കം പങ്കെടുത്തില്ല…യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് വിട്ടുനിന്ന് മുതിർന്ന നേതാക്കൾ…
നിലമ്പൂര്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്ന് മുതിര്‍ന്ന നേതാക്കള്‍. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ അടക്കമുള്ള നേതാക്കളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നത്. വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദന്‍ തുടങ്ങിയ നേതാക്കളും കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്നു. രാഷ്ട്രീയമായ പോരാട്ടം കനക്കുന്ന നിലമ്പൂരില്‍ നിര്‍ണായകമായ കണ്‍വെന്‍ഷനില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നത് ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം ജൂണ്‍ ആറാം തീയതി മുതലേ മണ്ഡലത്തില്‍ ഉണ്ടാവുകയുള്ളു എന്ന് കെ മുരളീധരന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുള്ള കടുത്ത അവഗണനയെ തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നതെന്നാണ് ലഭിക്കുന്ന വിവരം. കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുന്നതിലടക്കം കാര്യമായ പരിഗണന ലഭിച്ചില്ല. ഇതേ തുടര്‍ന്ന് നേതാക്കള്‍ ബോധപൂര്‍വം വിട്ടുനിന്നതായാണ് സൂചന. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്, മുസ്‌ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ അടക്കമുള്ളവര്‍ കണ്‍വെന്‍ഷന്‍ പരിപാടിയില്‍ നിറഞ്ഞുനിന്നു.
പാണക്കാട് കുടുംബവും യുഡിഎഫ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്നത് ചര്‍ച്ചയായിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഹജ്ജിന് പോയിരിക്കുകയാണ്. പകരം പങ്കെടുക്കേണ്ട ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ജില്ലയില്‍ ഉണ്ടായിരുന്നിട്ട് കൂടി കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. അബ്ബാസലി തങ്ങളെ കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ച സംഭവിച്ചതായി ലീഗ് വൃത്തങ്ങളില്‍ ആക്ഷേപമുണ്ട്. അവസാന മണിക്കൂറിലാണ് അബ്ബാസലി തങ്ങളെ ക്ഷണിച്ചതെന്നാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം.