കിടക്ക വിരിക്കുന്നതിനിടെ ശബ്ദം.. നോക്കിയപ്പോൾ ഒരു പാമ്പ്, തല്ലിക്കൊന്നു.. പിന്നാലെ കണ്ടത്..
സിമൗലിയിൽ കർഷകന്റെ വീട്ടുമുറ്റത്ത് നൂറിലധികം പാമ്പുകളെ കണ്ടെത്തി. രാത്രിയോടെയാണ് സംഭവം. മഹ്ഫൂസ് സൈഫി എന്ന കർഷകൻ ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് മുറ്റത്തെത്തി നോക്കിയപ്പോൾ ഒരു പാമ്പിനെ കണ്ടു. കണ്ടതും ആ പാമ്പിനെ കൊലപ്പെടുത്തി. എന്നാൽ ഇതിനു ശേഷം ഒന്നൊന്നായി പാമ്പുകൾ പിന്നാലെ വരുന്നത് കണ്ട് അദ്ദേഹം പരിഭ്രാന്തനായി.
താമസിയാതെ, സംഭവത്തെക്കുറിച്ചുള്ള വാർത്ത ഗ്രാമത്തിലാകെ പരന്നു. നാട്ടുകാർ മഹ്ഫൂസ് സൈഫിയുടെ സ്ഥലത്ത് തടിച്ചുകൂടി. കർഷകന്റെ വീടിന്റെ വാതിലിനടുത്തുള്ള ഒരു റാമ്പിനടിയിൽ നിന്ന് പാമ്പുകൾ ഓരോന്നായി പുറത്ത് വരികയായിരുന്നു. ഇതോടെ നാട്ടുകാരും ഇടപെട്ട് പാമ്പുകളെ കൊല്ലാൻ തുടങ്ങി. അൻപതോളം പാമ്പുകളെ ഇത്തരത്തിൽ കൊന്നു എന്നാണ് കർഷകനും നാട്ടുകാരും പറയുന്നത്. ഇവയെ എല്ലാം പിന്നീട് ഒരു കുഴി കുത്തി കുഴിച്ചു മൂടുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് അന്വേഷണത്തിനായി ഒരു സംഘത്തെ സ്ഥലത്തേക്ക് അയച്ചതായി വനം വകുപ്പ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) രാജേഷ് കുമാർ പറഞ്ഞു. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പാമ്പുകൾ സംരക്ഷിക്കപ്പെട്ട ജീവികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ വനം വകുപ്പിനെ അറിയിക്കണമെന്നും സംരക്ഷിത മൃഗങ്ങളെ ഉപദ്രവിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഈ പാമ്പുകൾ വിഷമില്ലാത്തതാണെന്നും വെള്ളത്തിൽ കാണപ്പെടുന്നതാണെന്നും സാധാരണയായി അഴുക്കുചാലുകളിലാണ് ഇവ വസിക്കുന്നതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കൃത്യമായി എത്ര പാമ്പുകളെ കൊന്നുവെന്നും എവിടെയാണ് കുഴിച്ചിട്ടതെന്നും വനം വകുപ്പ് അന്വേഷിച്ചുവരികയാണ്. വകുപ്പ് തല സംഘം സ്ഥലത്തെത്തി ഗ്രാമവാസികളെ ചോദ്യം ചെയ്തുവരികയാണെന്നും ഡിഎഫ്ഒ പറഞ്ഞു.