മഴ മാറിയിട്ടൊന്നും ഇല്ല… എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം… ഈ ജില്ലകളിൽ യെല്ലോ അലർട്ട്…

കനത്ത മഴ അങ്ങ് മാറിയല്ലോ എന്ന് ആശ്വസിക്കാൻ വരട്ടെ. വരും ദിവസങ്ങളിലും മഴയെത്തുമെന്ന് കാലാവസ്ഥ വകുപ്പിൻറെ പ്രവചനം. അടുത്ത അഞ്ച് ദിവസം എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. എന്നാൽ അറബികടലിൽ കാലവർഷ കാറ്റ് ദുർബലമായതോടെ ശക്തമായ മഴയുണ്ടാകില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

നാളെയും മറ്റന്നാളും വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളിൽ പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ മണിമല നദിയിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴയിൽ അച്ചൻകോവിലാറിൽ യെല്ലോ അലർട്ടാണ്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button