ജനങ്ങളുടെ തലയിൽ കെട്ടിവെച്ച തെരഞെടുപ്പ്… ബി ജെ പി ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തെന്ന് രാജീവ് ചന്ദ്രശേഖർ…
UDF ഉം LDF ഉം നിർത്തിയത് വികസനത്തെ കുറിച്ച് പറയാത്ത സ്ഥാനാർത്ഥികളെയാണ്. അതുകൊണ്ട് ബി ജെ പി ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മോഹൻ ജോർജ് മികച്ച സ്ഥാനാർത്ഥിയാണ്. സഭയുടെ പിന്തുണ പ്രതീക്ഷിച്ചല്ല മോഹൻ ജോർജിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കിയത്. വികസനത്തിലൂനിയാണ് ബി ജെ പി മത്സരിക്കുന്നത്. ഇത് ജനങ്ങളുടെ തലയിൽ കെട്ടിവെച്ച തെരഞെടുപ്പാണ്. നിലമ്പൂരിൽ BJP നില മെച്ചപ്പെടുത്തുമോ എന്ന് വോട്ടർമാർ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ചന്ദ്രശേഖറുടെ ഫേസ്ബുക്ക് പോസ്റ്റ്
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അഡ്വ. മോഹൻ ജോർജ് എൻഡിഎ സ്ഥാനാർത്ഥിയാകുമെന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു!
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി നിലമ്പൂരിൻ്റെ രാഷ്ട്രീയ – സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിധ്യമായ അഡ്വ. മോഹൻ ജോർജ്, ആദരണീയമായൊരു വ്യക്തിത്വത്തിന് ഉടമയാണ്. കെ.എസ്.സി, കെ.വൈ.എഫ്, കേരള കോൺഗ്രസ് (ബി) എന്നിവയുടെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി തുടങ്ങിയ പ്രധാന പദവികളും വഹിച്ചിട്ടുണ്ട്. നിലവിൽ, അദ്ദേഹം ചുങ്കത്തറ മാർത്തോമ്മ പള്ളിയുടെ വൈസ് പ്രസിഡന്റും മാർത്തോമ്മ സഭയുടെയും മാർത്തോമ്മ കോളേജിന്റെയും കൗൺസിൽ അംഗവുമാണ്. ഏഴ് വർഷം പ്രസിഡന്റായി വൈ.എം.സി.എ ചുങ്കത്തറയെ നയിച്ച അദ്ദേഹം സബ്-റീജിയണൽ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും അഴിമതിയുടെ പ്രീണനത്തിൻ്റെ രാഷ്ട്രീയത്തിന് അവസാനമിട്ട്, സത്യസന്ധതയും അനുഭവസമ്പത്തുമുള്ള, വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നൊരു നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള ഒരു അവസരമാണ് ഇത്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും തൊഴിലവസരങ്ങളുമില്ലാതെ വളരെക്കാലമായി അവഗണിക്കപ്പെട്ട് കിടക്കുന്നൊരു മണ്ഡലമാണ് നിലമ്പൂർ. മികച്ച റോഡുകളും കർഷകർക്കുള്ള സഹായങ്ങളും തൊഴിലവസരങ്ങളുമടക്കം, യഥാർത്ഥ വികസനത്തിന് മുൻഗണന നല്കുന്നൊരു നേതൃത്വത്തെ തെരഞ്ഞെടുക്കാനുള്ള സമയമാണിത്. മലയോര കർഷകരുടെ പ്രശ്നങ്ങൾക്ക് അറുതി വരുത്തേണ്ടതുണ്ട്.
ഇത് മാറ്റത്തിനുള്ള സമയമാണ്, വികസനത്തിൻ്റെ വഴിയിലേക്ക് മാറാനുള്ള സമയം, വികസിത കേരളത്തിനുള്ള സമയം. എല്ലാവർക്കുമൊപ്പം എല്ലാവർക്കും വേണ്ടി വികസിത നിലമ്പൂർ എന്ന ലക്ഷ്യം സാധ്യമാക്കാം.