ആളുകളുള്ള പാർട്ടിയിൽ പ്രവർത്തിക്കാനാണ് താല്പര്യം… അഡ്വ. മോഹൻ ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചു…
നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച അഡ്വ. മോഹൻ ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷാണ് അംഗത്വം കൈമാറിയത്. ബിജെപിയിലേക്ക് വരാൻ ക്രിസ്ത്യാനികൾക്ക് യാതൊരു മടിയുമില്ലെന്ന് അംഗത്വം സ്വീകരിച്ചശേഷം അഡ്വ. മോഹൻ ജോർജ് പറഞ്ഞു. കേരള കോൺഗ്രസ് നാലോ അഞ്ചോ പേരുടെ പിടിയിലാണ്. താൻ കേരള കോൺഗ്രസ് അല്ലെന്നാണ് മോൻസ് ജോസഫ് പറഞ്ഞത്. താൻ ആ പാർട്ടിയുടെ സംസ്ഥാന സമിതി അംഗമായിരുന്നു. ആളുകളുള്ള പാർട്ടിയിൽ പ്രവർത്തിക്കാനാണ് താല്പര്യമെന്നും മോഹൻ ജോർജ് പറഞ്ഞു.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറി ഷൈജു ചെറിയാനും ചടങ്ങിൽ അംഗത്വം സ്വീകരിച്ചു. മോഹൻ ജോർജ് വികസിത നിലമ്പൂരിൻറെ പടത്തലവനാകുമെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് കേരളത്തെ നശിപ്പിച്ചുവെന്നും അഴിമതിയുടെ ചരിത്രം അവസാനിപ്പിക്കാൻ കേരളത്തിൽ മാറ്റം വേണമെന്നും എസ് സുരേഷ് പറഞ്ഞു.