കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ തല്ലി.. ചില്ല് തകർത്തു, യുവാവ് പിടിയിൽ…

കെഎസ്ആർടിസി ബസിന്റെ ചില്ല് തകർക്കുകയും ബസിൽ അതിക്രമിച്ച് കയറി ഡ്രൈവറെ മർദിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. പാലക്കാട് കാഞ്ഞിരം സ്വദേശി ഉമ്മറിനെയാണ് (26) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 

കൊണ്ടോട്ടി-കോഴിക്കോട് റോഡിൽ ഗതാഗതക്കുരുക്ക് കാരണം മോങ്ങത്ത് നിന്ന് ഗതാഗതം തിരിച്ചു വിട്ടിരുന്നു. ഈ സമയം പ്രതി കാഞ്ഞിരത്ത് വെച്ച് കെഎസ്ആർടിസി ബസ് തടഞ്ഞ് ബസിൽ അതിക്രമിച്ച് കയറി ചില്ല് തകർക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തതായാണ് പരാതി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സംഭവ സമയം പുറത്തുവന്നിരുന്നു. തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. 

ബംഗളൂരുവിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അരീക്കോട് ഇൻസ്‌പെക്ടർ വി. സിജിത്തിന്റെ നിർദേശ പ്രകാരം അരീക്കോട് പോലീസ് സബ് ഇൻസ്‌പെക്ടർ നവീൻ ഷാജിന്റെ നേതൃത്തിൽ സീനിയർ സിവിൽ പോലീസുകാരായ അരുൺ, ലിജേഷ്, സി.പി.ഒ മാരായ അനീഷ്, വിപിൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button