ഡിഎംഡികെയ്ക്ക് സീറ്റില്ല; രാജ്യസഭ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു….

തമിഴ്‌നാട്ടിലെ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ എ ഐ എ ഡി എം കെ( AIADMK ) പ്രഖ്യാപിച്ചു. അഭിഭാഷകര്‍ കൂടിയായ ഇന്‍ബാദുരൈ, ധനപാല്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ പി മുനുസാമിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ഡിഎംഡികെയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കിയിട്ടില്ല. ഡിഎംഡികെ സഖ്യത്തില്‍ തുടരുമെന്നും മുനുസാമി പറഞ്ഞു.

മുന്‍ എംഎല്‍എമാരാണ് സ്ഥാനാര്‍ത്ഥികളായ ഐ എസ് ഇന്‍ബാദുരൈ, ധനപാല്‍ എന്നിവര്‍. രാധാപുരം മണ്ഡലത്തില്‍ നിന്നും 2016-2021 കാലയളവില്‍ തമിഴ്‌നാട് നിയമസഭയില്‍ അംഗമായിരുന്നു ഇന്‍ബാദുരൈ. ഇപ്പോള്‍ എഐഎഡിഎംകെ ലോയേഴ്‌സ് വിങ് സെക്രട്ടറിയാണ്.

തിരുപോരൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നും 1991-1996 കാലയളവില്‍ എംഎല്‍എയായിരുന്നു ധനപാല്‍. ഇപ്പോല്‍ എഐഎഡിഎംകെ ചെങ്കല്‍പേട്ട് ഈസ്റ്റ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ പ്രസിഡന്റാണ്. മുന്‍ ജില്ലാ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്. ആദി ദ്രാവിഡല്‍ സമുദായത്തില്‍പ്പെട്ട ധനപാല്‍ പിഎച്ച്ഡി ബിരുദധാരിയാണ്.

തമിഴ്‌നാട്ടില്‍ ജൂണ്‍ 19 നാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുക. തമിഴ്‌നാട്ടില്‍ ആറു സീറ്റുകളിലേക്കാണ് ഒഴിവു വന്നിട്ടുള്ളത്. ഇതില്‍ രണ്ടു സീറ്റുകളിലാണ് എഐഎഡിഎംകെയ്ക്ക് വിജയിക്കാനാകുക. നാലു സീറ്റുകളില്‍ ഡിഎംകെയ്ക്ക് വിജയിക്കാനാകും. ഡിഎംകെയുടെ നാലു സീറ്റുകളിലൊന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന് നല്‍കിയിട്ടുണ്ട്. ഡിഎംകെയില്‍ നിന്നും വില്‍സണ്‍, എസ് ആര്‍ ശിവലിംഗം, കവയിത്രി സല്‍മ എന്നിവരാണ് മത്സരിക്കുന്നത്.

Related Articles

Back to top button