മസിനഗുഡി വഴി ഊട്ടിക്ക് പോകാൻ വരട്ടെ… അറ്റകുറ്റപ്പണികൾ തുടരുന്നു.. വിലക്ക്…

ഗൂഡല്ലൂർ-ഊട്ടി, മസിനഗുഡി-ഊട്ടി എന്നീ പാതകളിലേക്കുള്ള വിലക്ക് തുടരുന്നു. കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായ ഗൂഡല്ലൂരിലെ പ്രധാന പാതകളിൽ അറ്റുകറ്റപ്പണികൾ പുരോഗമിക്കുകയാണ്. ചുരംപാത വഴി ഗൂഡല്ലൂരിലേക്ക് എത്തുന്ന ചരക്കുലോറികൾക്കും വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്കും വിലക്ക് തുടരുകയാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് മണ്ണിടിഞ്ഞുവീണത്. മാത്രമല്ല ഗൂഡല്ലൂർ-ഊട്ടി ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു.

മസിനഗുഡി-ഊട്ടി പാതയിൽ പാറകളിടിഞ്ഞു വീണ കല്ലട്ടി ഭാഗത്ത് അറ്റകുറ്റപ്പണികൾ തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരം ഗൂഡല്ലൂർ-ഊട്ടി ദേശീയപാതയിലെ കൊണ്ടൈ ഹെയർപിൻ വളവിനു സമീപം തവളമലയിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. സമയത്ത് തന്നെ ബന്ധപ്പെട്ടവർ എത്തി സുരക്ഷക്രമീകരണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. ചുരം റോഡിന് സമീപത്തെ ഉയരമുള്ള ഭാഗങ്ങളിൽ മുപ്പതടി ഉയരത്തിൽ പാറകൾ മരങ്ങളിൽ തങ്ങിനിൽക്കുന്നതായും ഇവ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും വിവരമുണ്ട്.

അതേസമയം, ഭാരവാഹനങ്ങൾക്ക് താൽക്കാലിക നിരോധനമേർപ്പെടുത്തിയതോടെ ഗൂഡല്ലൂർ മേഖലയിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള ചരക്കുനീക്കമുൾപ്പെടെ നിലച്ചിരിക്കുകയാണ്. നിവലിൽ പകൽ സമയങ്ങളിൽ സർക്കാർ ബസുകൾ മാത്രമാണ് ചുരം വഴി കടന്നുപോകുന്നത്. രാത്രിയിൽ എല്ലാ തരം വാഹനങ്ങൾക്കും പൂർണനിയന്ത്രണം ഉണ്ടെങ്കിലും ആംബുലൻസുകൾക്ക് ബാധകമല്ല.

ഗൂഡല്ലൂരിന്റെ ചില മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ 200 മില്ലി മീറ്ററിനടുത്ത് വരെ മഴ ലഭിച്ചിരുന്നു. അവളാഞ്ചിയിൽ 190 മില്ലി മീറ്ററാണ് പെയ്ത മഴയുടെ അളവ്. അപ്പർഭവാനി 125 ഉം ബാലകോളയിൽ 77ഉം കുന്തയിൽ 66ഉം ഗൂഡല്ലൂർ, മേൽഗൂഡല്ലൂർ എന്നിവിടങ്ങളിൽ 66 മില്ലി മീറ്റർ തോതിലും മഴ ലഭിച്ചു. പന്തല്ലൂർ (54), പാടുന്തറ (52) മേഖലകളിലാണ് താരതമ്യേന കുറവ് മഴ ലഭിച്ചിട്ടുള്ളത്. വീടുകളിലേക്ക് വെള്ളം കയറിയും മറ്റും മഴക്കെടുതി അനുഭവിക്കുന്ന കുടുംബങ്ങളെ കഴിഞ്ഞ ദിവസം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.

Related Articles

Back to top button