മെട്രോ ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിട്ടും ഡോർ തുറക്കാതെ യാത്ര തുടർന്നു… ലോക്കോ പൈലറ്റ് ക്യാബിനിൽ പ്രതിഷേധവുമായി യാത്രക്കാർ…
സ്റ്റേഷനിൽ നിർത്തിയിട്ടും മെട്രോ ട്രെയിൻ ഡോർ തുറക്കാതെ യാത്ര തുടർന്നു.ലോക്കോ പൈലറ്റിനെതിരെ പ്രതിഷേധവുമായി യാത്രക്കാർ. സ്റ്റേഷനിൽ ട്രെയിൻ നിന്നെങ്കിലും ഡോറുകളൊന്നും തുറന്നില്ല. സ്റ്റേഷനിൽ ഇറങ്ങാനുള്ളവരെയും കയറാനുള്ളവരെയും കാത്തുനിർത്തി മെട്രോ മുന്നോട്ടു പോവുകയായിരുന്നു. ഇതാടെ യാത്രക്കാർ ലോക്കോ പൈലറ്റ് ക്യാബിന് പിന്നിലുള്ള ലേഡീസ് കോച്ചിലേക്ക് ചെന്ന് ക്യാബിന്റെ ഡോറിൽ ഇടിക്കാൻ തുടങ്ങി. ബംഗളുരു മെട്രോയുടെ ഗ്രീൻ ലൈനിൽ രാത്രി 11.15ഓടെയായിരുന്നു സംഭവം. കെംപഗൗഡ സ്റ്റേഷനിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോവുകയായിരുന്ന ട്രെയിൻ വജറഹള്ളി സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു പ്രശ്നങ്ങൾ.
എന്താണ് സംഭവമെന്ന് മനസിലാവാതെ ലോക്കോ പൈലറ്റ് പെട്ടെന്ന് എമർജസി ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തി. വജറഹള്ളിക്കും തലഗട്ടപ്പുരയ്ക്കും ഇടയ്ക്കുള്ള ട്രാക്കിൽ ട്രെയിൻ നിന്നു. ലോക്കോ പൈലറ്റ് ക്യാബിൻ ഡോർ തുറന്നതും യാത്രക്കാർ ബഹളം വെയ്ക്കാൻ തുടങ്ങി. തങ്ങളെ ഇറങ്ങാൻ അനുവദിക്കാത്തത് എന്തുകൊണ്ടെന്ന് അറിയണമെന്നായിരുന്നു ആവശ്യം.
വാദപ്രതിവാദം രൂക്ഷമായപ്പോൾ എന്താണ് പറ്റിയതെന്ന് തനിക്ക് അറിയില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. ആളുകൾ ബഹളം വെച്ചപ്പോൾ എമർജൻസി ബ്രേക്ക് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരോട് കോച്ചുകളിലേക്ക് മടങ്ങാനായിരുന്നു നിർദേശം. തുടർന്ന് ട്രെയിൻ യാത്ര തുടർന്ന് തൊട്ടടുത്ത സ്റ്റേഷനിലെത്തിച്ചു. അവിടെ ഇറങ്ങിയതും യാത്രക്കാർ ട്രെയിനിന്റെ മുന്നിലേക്ക് ചെന്ന് ബഹളം വെയ്ക്കാൻ തുടങ്ങി. തങ്ങളെ തിരിച്ചെത്തിക്കാൻ പകരം സംവിധാനം വേണമെന്നായി ആവശ്യം.
ലോക്കോ പൈലറ്റ് വയർലെസ് സെറ്റിലൂടെ സ്റ്റേഷൻ കൺട്രോളറുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മുൻസ്റ്റേഷനിൽ ഇറങ്ങേണ്ടിയിരുന്ന എല്ലാവരോടും വിപരീത ദിശയിലുള്ള അടുത്ത ട്രെയിനിൽ കയറാൻ നിർദേശം നൽകി. സംഭവം സ്ഥിരീകരിച്ച ബംഗളുരു മെട്രോ റെയിൽ പിആർഒ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് അറിയിച്ചു. ട്രെയിൻ നിർത്തിയെങ്കിലും ഡോറുകൾ തുറന്നില്ല. സാങ്കേതിക തകരാറാണോ അതോ ഉദ്യോഗസ്ഥരുടെ പിഴവാണോ എന്ന് പരിശോധിക്കുന്നതായും അദ്ദേഹം പറഞ്ഞു.