നിലമ്പൂർ ആർക്കൊപ്പം.. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും…
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11 മണിക്കാണ് ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കുക. രാവിലെ തൃശ്ശൂരിലെ കെ കരുണാകരൻ സ്മാരകത്തിൽ പ്രാർത്ഥന നടത്തിയ ശേഷമാണ് ഷൗക്കത്ത് നിലമ്പൂരിലേക്ക് തിരിച്ചത്. ആര് എതിർത്താലും നിലമ്പൂരിൽ ചരിത്ര ഭൂരിപക്ഷം നേടുമെന്ന് ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
അൻവറിന്റെ കാര്യം പറയേണ്ടത് കോൺഗ്രസിലെ മുതിർന്ന നേതാക്കളാണെന്നും ആര്യാടൻ ഷൗക്കത്ത് പറയുന്നു. മുതിർന്ന നേതാക്കളാണ് ചർച്ച നയിക്കുന്നത്. തന്റെ പിതാവിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിന് ഒപ്പം എത്താനുള്ള പരിശ്രമമാണ് നടക്കുന്നത്. സ്ഥാനാർത്ഥി വൈകിയതിനെക്കുറിച്ച് മറുപടി പറയേണ്ടത് സിപിഎമാണ്. പാർട്ടി ചിഹ്നത്തിൽ ചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് നിലമ്പൂരിൽ സ്ഥാനാർത്ഥി ഉണ്ടായതെന്നും ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.



