ഒന്നു കുനിഞ്ഞത് മാത്രമെ ഓർമ്മയൊള്ളൂ… ഫോട്ടോ എടുക്കുന്നതിനിടയിൽ കടുവ ആക്രമിച്ചു.. വീഡിയോ പുറത്ത്…
ഫോട്ടോ എടുക്കുന്നതിനിടയിൽ വിനോദ സഞ്ചാരിയെ കടുവ ആക്രമിച്ചു. കടുവയോടൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിനുള്ള ഒരുക്കത്തിനിടയിലാണ് അപ്രതീക്ഷിതമായി കടുവ വിനോദ സഞ്ചാരിയെ ആക്രമിച്ചത്. തായ്‌ലൻഡിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. കടുവ ആക്രമിക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു.
എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഒരു വിനോദ സഞ്ചാരി കടുവയുമായി നടന്നു വരുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ഇവർക്ക് അരികിലായി തന്നെ നിർദ്ദേശങ്ങൾ കൊടുത്ത് കൊണ്ട് മൃഗശാല ജീവനക്കാരനെയും കാണാം. കടുവയുടെ ചങ്ങലയിൽ പിടിച്ച് പുറത്ത് തലോടി കൊണ്ടാണ് വിനോദ സഞ്ചാരി നടന്നുവരുന്നത്. തുടർന്ന് കടുവയ്ക്ക് അരികിൽ ഇദ്ദേഹം മുട്ടുകുത്തിയിരുന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നു. പക്ഷേ, തീർത്തും അപ്രതീക്ഷിതമായി കടുവ അസ്വസ്ഥനാവുകയും അദ്ദേഹത്തെ ആക്രമിക്കുകയുമായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ നിലത്തേക്ക് വീണുപോയ വിനോദ സഞ്ചാരിയുടെ മേൽ കടുവ ചാടി വീഴുന്നതും വീഡിയോയിൽ കാണാം. തുടർന്നുള്ള ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമല്ലെങ്കിലും വിനോദ സഞ്ചാരിയും ജീവനക്കാരനും ഉച്ചത്തിൽ ഭയന്ന് നിലവിളിക്കുന്നത് കേൾക്കാം.
വിനോദ സഞ്ചാരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇയാൾ ഇന്ത്യക്കാരനാണ്. കടുവകളുമായി സന്ദർശകർക്ക് അടുത്ത് ഇടപഴകാൻ സാധിക്കുന്ന തായ്‌ലൻഡിൽ മൃഗശാലകളിൽ ഒന്നിലാണ് ഈ അപകടം നടന്നത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് മൃഗങ്ങളുമായി അടുത്തിടപഴകാനും സെൽഫി എടുക്കാനും ഭക്ഷണം നൽകാനും ഒക്കെ സൗകര്യമുണ്ട്. പക്ഷേ, അത് എത്രമാത്രം സുരക്ഷിതമാണെന്ന ചോദ്യം ഉയർത്തുന്നതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന സംഭവം. ആക്രമണത്തിനിരയായ വ്യക്തിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കൃത്യമായി വിവരങ്ങൾ അധികൃതർ പുറത്തുവന്നിട്ടില്ല. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്വന്തം ജീവൻ അപകടപ്പെടുത്തിക്കൊണ്ട് ആളുകൾ നടത്തുന്ന വീഡിയോ ചിത്രീകരണത്തെക്കുറിച്ച് നിരവധി പേർ വിമർശനം ഉയർത്തി. ആളുകളുടെ വീഡിയോ, സെൽഫി ഭ്രമമാണ് ഇത്തരം അപകടങ്ങൾക്ക് പിന്നിലെന്നും അഭിപ്രായം ഉയർന്നു.