അനുവദനീയമല്ലാത്ത കൃത്രിമ നിറംചേര്‍ത്ത ശര്‍ക്കര വിറ്റു.. സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ…

കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി കോടതി. പുതുപ്പാടി ഈങ്ങാപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനാണ് കോടതി പിഴ ചുമത്തിയത്. അനുവദനീയമല്ലാത്ത കൃത്രിമനിറമായ സണ്‍സറ്റ് യെല്ലോയും ടാര്‍ട്രാസിനും ചേര്‍ത്ത ശര്‍ക്കരയാണ് സ്ഥാപനത്തിൽ വിറ്റിരുന്നത്. 2018 നവംബറില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. രഞ്ജിത്ത് പി. ഗോപി നടത്തിയ പരിശോധനയ്ക്കിടെയാണ് ഈങ്ങാപ്പുഴയിലെ സ്ഥാപനത്തില്‍നിന്ന് കൃത്രിമനിറം ചേര്‍ത്ത ശര്‍ക്കര കണ്ടെടുത്ത് മലാപ്പറമ്പിലെ അനലിറ്റിക്കല്‍ ലാബിലേക്കാണ് പരിശോധനയ്ക്ക് അയച്ചത്.

ഇതേത്തുടർന്ന് മനുഷ്യജീവന് ഹാനികരമായ കൃത്രിമ നിറങ്ങളായ സണ്‍സറ്റ് യെല്ലോയും ടാര്‍ട്രാസിനും ശർക്കരയിൽ പരിശോധനയിലൂടെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കോടതിയൽ കേസ് ഫയൽ ചെയ്തു. ഭക്ഷ്യസുരക്ഷാവകുപ്പിനായി തിരുവമ്പാടി ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. എ പി അനുവാണ് കോടതിയില്‍ ഹാജരായത്.

2011-ലെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയന്ത്രണങ്ങള്‍പ്രകാരം ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കൃത്രിമനിറം, പ്രിസര്‍വേറ്റീവ്, കൃത്രിമമധുരം എന്നീ ഫുഡ് അഡിറ്റീവുകള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടെന്നും, ശര്‍ക്കരയില്‍ കൃത്രിമനിറം ചേര്‍ക്കാന്‍ പാടില്ലെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിക്കുകയായിരുന്നു. അതേസമയം ഭക്ഷ്യവസ്തുക്കളില്‍ കൃത്രിമനിറം ചേര്‍ത്തതിന് ജില്ലയില്‍ വിവിധ കോടതികളിലായി 150-ല്‍ അധികം കേസുകൾ നിലവിലുണ്ട്.

Related Articles

Back to top button