ശക്തമായ കാറ്റും പേമാരിയും… കൂറ്റൻ ആൽമരം കടപുഴകി.. ഓടി കൊണ്ടിരുന്ന ഓട്ടോയുടെ മുകളിലേക്ക്…
കൂറ്റൻ ആൽമരം കടപുഴകി റോഡിന് കുറുകേ വീണ് അപകടം. സമീപത്തുണ്ടായിരുന്ന നാലോളം ഇലക്ട്രിക് കോൺക്രീറ്റ് പോസ്റ്റുകളും റോഡിലേക്ക് പതിച്ചു. ഓടി കൊണ്ടിരുന്ന ഓട്ടോയുടെ മുകളിലേക്കാണ് ഒരു പോസ്റ്റ് വീണത്. പരുക്കേറ്റതിനെ തുടർന്ന് ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർക്ക് നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയോടെ വീശിയടിച്ച കാറ്റിലും മഴയിലുമാണ് കൂറ്റൻ ആൽമരം കടപുഴകിയത്.
നെടുമങ്ങാട് മുൻസിപ്പൽ ഓഫീസ്- മേലാങ്കോട് റോഡിൽ നികുഞ്ജം ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം ഉണ്ടായത്. പോസ്റ്റ് വീണ് ഓട്ടോറിക്ഷ ഭാഗികമായി തകർന്ന നിലയിലാണുള്ളത്. യാത്രികരായ മേലാംകോട് സ്വദേശി മായയും മകൾ കീർത്തിക്കുമാണ് പരിക്ക്. ഡ്രൈവർക്കും നിസാര പരുക്കുണ്ട്.
നെടുമങ്ങാട് ഗേൾസ് ഹൈസ്കൂൾ റോഡിൽ യുപി സ്കൂളിന് അടുത്തായും മറ്റ് പ്രധാന റോഡുകളുടെ വശങ്ങളിലും ചുവട് ഭാഗം ദ്രവിച്ച വൃക്ഷങ്ങൾ വീഴാറായി നിൽക്കുന്നുണ്ടെങ്കിലും അധികാരികൾ ഇത് നീക്കം ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. നേരത്തെ ചില വൃക്ഷങ്ങൾ മുമ്പ് മുറിച്ചു മാറ്റുന്നതിനു ശ്രമിച്ചപ്പോൾ പരിസ്ഥിതി വാദികളുടെ എതിർപ്പുണ്ടായതാണ് നടപടികളിൽ നിന്നും പിന്നോട്ട് പോയതെന്നാണ് ഒരു വിഭാഗം നാട്ടുകാർ ആരോപിക്കുന്നത്.