നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്.. സ്വതന്ത്രരെ തേടി ബിജെപിയും…
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രരെ തേടി ബിജെപിയും. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ബീന ജോസഫുമായി ബിജെപി നേതാവ് എം ടി രമേശ് ചർച്ച നടത്തി. മഞ്ചേരിയിൽ എത്തിയാണ് എം ടി രമേശ് ബീന ജോസഫിനെ കണ്ടത്. നിലമ്പൂർ മണ്ഡലത്തിലെ മണിമൂളി സ്വദേശിയാണ് ബീന ജോസഫ്. കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിന് വേണ്ടി ബീന ജോസഫ് ശ്രമിച്ചിരുന്നു. ബിജെപി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെ ബിഡിജെഎസിനോട് സ്ഥാനാർത്ഥിയെ നിർത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിഡിജെഎസും മത്സരിക്കാൻ താൽപര്യം കാണിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ബിജെപി സ്വതന്ത്രരെ തേടുന്നത്.
മലയോര മേഖലയിൽ നിന്നുള്ള ക്രിസ്ത്യൻ നേതാവെന്നതാണ് ബീന ജോസഫിനെ പരിഗണിക്കാനുള്ള കാരണം. കെ എസ് യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും രാഷ്ട്രീയത്തിൽ എത്തിയ നേതാവാണ് ബീന ജോസഫ്. എന്നാൽ ഇതുവരെ അനുകൂലമായ തീരുമാനം ബീന ജോസഫ് പറഞ്ഞിട്ടില്ല. അതേസമയം യുഡിഎഫിന് തലവേദന സൃഷ്ടിച്ച പി വി അൻവർ അയയുകയാണെന്ന സൂചനകളും പുറത്തുവരുന്നു. യുഡിഎഫ് അസോസിയേറ്റ് അംഗമെന്ന വാഗ്ദാനത്തിൽ അൻവർ വഴങ്ങാനാണ് സാധ്യത. ഇന്നലെ രാത്രിയിൽ നിർണായക കൂടിക്കാഴ്ചകൾ നടത്തിയതായാണ് വിവരം. ഇന്ന് രാവിലെ പി വി അൻവർ മാധ്യമങ്ങളെ കാണും.