വേടനെ വേട്ടയാടിയത് വിനയായോ? പൊതുവിഷയങ്ങളിൽ നേതൃത്വത്തിന്റെ അനുമതിയില്ലാതെ പ്രതികരിക്കുന്നതിന് ബിജെപിയിൽ വിലക്ക്…

പൊതുവിഷയങ്ങളിൽ നേതൃത്വത്തിന്റെ അനുമതിയില്ലാതെ പ്രതികരിക്കുന്നതിന് ബിജെപിയിൽ വിലക്ക്. റാപ്പർ വേടനെതിരെ പാലക്കാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷ മിനി കൃഷ്ണകുമാർ ദേശീയ അന്വേഷണ ഏജൻസിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാർട്ടി പ്രവർത്തകർക്ക് ബിജെപി സംസ്ഥാന നേതൃത്വം പുതിയ മാർ​ഗനിർദ്ദേശം പുറപ്പെടുവിച്ചത്. സംസ്ഥാന കമ്മിറ്റി ഒ‍ാഫീസിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ പി സുധീർ ഇക്കാര്യങ്ങൾ വിശദമാക്കി സർക്കുലർ പുറപ്പെടുവിച്ചു.

മുൻകൂട്ടി അനുമതി വാങ്ങാതെ പെ‍ാതുവിഷയങ്ങളിൽ നിയമനടപടി സ്വീകരിക്കാനും അന്വേഷണ ഏജൻസികൾക്കു പരാതി നൽകാനും പാടില്ലെന്ന് സർക്കുലറിൽ പറയുന്നു. ഭാരവാഹികൾക്കും ജനപ്രതിനിധികൾക്കും അംഗങ്ങൾക്കും നിർദ്ദേശം ബാധകമാണ്. സംസ്ഥാന അധ്യക്ഷൻ, മീഡിയ പ്രഭാരി എന്നിവരുടെ അനുമതിയില്ലാതെ പെ‍ാതുവിഷയങ്ങളിൽ പ്രതികരിക്കരുതെന്നും അഭിമുഖം നൽകരുതെന്നും ചർച്ചകളിൽ പങ്കെടുക്കരുതെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി വക്താക്കളോ സംഘടന ചുമതലപ്പെടുത്തിയ മീഡിയ പാനലിൽ ഉള്ളവരോ ഒഴികെയുള്ളവർക്കാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.

പാലക്കാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷ മിനി കൃഷ്ണകുമാർ വേടനെതിരെ ആഭ്യന്തര മന്ത്രാലയത്തിന് പരാതി അയച്ചിരുന്നു. ഇതിൽ സംസ്ഥാന നേതൃത്വം അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി പ്രവർത്തകരുടെ പ്രതികരണങ്ങളിലും ഇടപെടലുകളിലും നിയന്ത്രണം ഏർപ്പെടുത്തി സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.

വേടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരവും ആക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു പരാതി. ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണവും അവർ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേടൻ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്നും മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്നുമായിരുന്നു മിനി കൃഷ്ണകുമാറിന്റെ ആവശ്യം.

അഞ്ച് വർഷങ്ങൾക്ക് മുൻപുള്ള വേടന്റെ ഗാനം സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴാണ് ശ്രദ്ധപിടിച്ചതെന്നും പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന നിരവധി പരാമർശങ്ങൾ പാട്ടിലുണ്ടെന്നും മിനി കൃഷ്ണകുമാർ പറഞ്ഞിരുന്നു. ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യപത്രാധിപർ എൻ ആർ മധുവാണ് വേടനെതിരായ ‘സംഘ്പരിവാർ വേട്ട’യ്ക്ക് തുടക്കമിട്ടത്. വേടന്റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ പരാമർശം. വളർന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെയ്ക്കുന്ന കലാഭാസമാണ് വേടൻ നടത്തുന്നതെന്നും വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും മധു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വേടനെതിരെ അധിക്ഷേപവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല രംഗത്തെത്തി.

വേടന്റെ തുണിയില്ലാച്ചാട്ടങ്ങൾക്ക് മുൻപിൽ സമാജം അപമാനിക്കപ്പെടുകയാണെന്നായിരുന്നു ശശികലയുടെ പ്രതികരണം. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്ക് തനതായ എത്ര കലാരൂപങ്ങളുണ്ടെന്നും റാപ്പ് സംഗീതമാണോ അവരുടെ തനതായ കലാരൂപമെന്നും ശശികല ചോദിച്ചിരുന്നു. പട്ടികജാതി- പട്ടിക വർഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് പാലക്കാട്ട് ഒരു പരിപാടി നടത്തുമ്പോൾ പട്ടികജാതി- പട്ടികവർഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ അവിടെ കേറേണ്ടതെന്നും ശശികല ചോദിച്ചു. വേടന് മുന്നിൽ ആടികളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്നും ശശികല പറഞ്ഞിരുന്നു.

ശശികലയുടെ പ്രതികരണത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വർഗീയ വിഷപ്പാമ്പിന്റെ വായിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ടെന്നും ശശികലയ്ക്കെതിരെ കേസെടുക്കണമെന്നും സിപിഎം നേതാവ് പി ജയരാജൻ ആവശ്യപ്പെട്ടിരുന്നു. സംഘ്പരിവാറിന് നിങ്ങൾ ഇതൊക്കെ ചെയ്താൽ മതിയെന്ന ധാർഷ്ട്യമാണെന്നും താൻ റാപ്പ് പാടുന്നത് തുടരുമെന്നുമായിരുന്നു ശശികലയുടെ അധിക്ഷേപ പരാമർശത്തോടുള്ള വേടന്റെ പ്രതികരണം.

Related Articles

Back to top button