ഉത്സവത്തില്‍ ആര്‍എസ്എസ് ഗണഗീതം… ക്ഷേത്രം ഉപദേശക സമിതി പിരിച്ചുവിട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്..
കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ ആർ എസ് എസ് ഗണഗീതം ആലപിച്ച സംഭവത്തില്‍ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിട്ട് ദേവസ്വം ബോര്‍ഡ് നടപടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണ് തീരുമാനം.
ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ സാമുദായിക സംഘടനയുടെ കൊടി തോരണങ്ങള്‍ കെട്ടിയതിലും വീഴ്ച പറ്റിയിട്ടുണ്ട്. രണ്ട് സംഭവത്തിലും നടത്തിയ അന്വേഷണത്തിലാണ് ക്ഷേത്ര ഉപദേശക സമിതിക്ക് ഗുരുതര വീഴ്ചപറ്റിയതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് കടുത്ത നടപടി സ്വീകരിച്ചത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ കൊടി തോരണങ്ങള്‍ കെട്ടുന്നതും, രാഷ്ട്രീയ സമുദായ സംഘടനകളുടെ ആശയ പ്രചരണത്തിന് ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നതും കര്‍ശനമായി വിലക്കിക്കൊണ്ട് ഉത്തരവ് നിലവിലുള്ളതാണ്
ഈ ഉത്തരവ് ലംഘിക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആര് നടത്തിയാലും കര്‍ശന നടപടി ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. നേരത്തെ കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തില്‍ ഗാനമേളക്കിടെ വിപ്ലവഗാനം പാടിയതും വലിയ വിവാദമായിരുന്നു. സംഭവത്തില്‍ ഗായകന് അലോഷിക്കെതെരെയും ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.