കടലാക്രമണം തടയാൻ കടൽ ഭിത്തി.. പണിത് രണ്ടാഴ്ചക്കുള്ളിൽ തകർന്നു… പ്രതിഷേധം…

പെരിയമ്പലം ബീച്ചിലെ കടൽ ഭിത്തി തകർന്നു. രണ്ടാഴ്ച മുൻപാണ് കടലാക്രമണം തടയാനുള്ള കടൽ ഭിത്തിയുടെ നിർമ്മാണം പൂർത്തിയായത്. അശാസ്ത്രീയമായാണ് നിർമ്മാണം നടക്കുന്നതെന്ന് ആരോപിച്ച് ഏറെ പ്രതിഷേധങ്ങൾക്ക് വഴിവെച്ച അണ്ടത്തോട്, പെരിയമ്പലം ബീച്ചുകളിലെ കടൽ ഭിത്തിയാണ് തകർന്നത്. ഭിത്തി തകർന്നതോടെ പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. അശാസ്ത്രീയ കടൽഭിത്തി നിർമ്മാണത്തിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നത്.

കടൽ ഭിത്തി നിർമ്മാണം പഠനം നടത്താതെയാണെന്നും, തീരദേശവാസികൾക്ക് അശാസ്ത്രീയമായി നിർമ്മിച്ച കടൽഭിത്തികൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ലെന്നും നാട്ടുകാർ പറയുന്നു. ഇക്കാര്യങ്ങൾ രേഖാമൂലം അധികൃതരെയും, സ്ഥലം എംഎൽഎയും ബോധ്യപ്പെടുത്തിയിട്ടും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി നിർമ്മിച്ച ഭിത്തിയാണ് ഇതെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ പെരിയമ്പലം ബീച്ചിൽ നിർമ്മിച്ചത് താഴ്ഭാഗത്തുള്ള ഭിത്തിയാണെന്നും, ഇതിന് മുകളിൽ ഇനിയും ഭിത്തി സ്ഥാപിക്കുമെന്നും പറഞ്ഞ് ചെറിയ കരിങ്കല്ല് വിരിച്ചാണ് നിലവിലെ ഭിത്തി കെട്ടിയത്. ഇതാണ് കടലാക്രമണത്തിൽ തകർന്നത്.

Related Articles

Back to top button