ആദ്യ സ്വർണം തൂക്കി ഇന്ത്യ… ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നേട്ടം സ്വന്തമാക്കിയത് ഗുൽവീർ സിങ്…
2025 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആദ്യ സ്വർണം. പുരുഷന്മാരുടെ 10,000 മീറ്ററിൽ യുപി താരം ഗുൽവീർ സിങാണ് സ്വർണമണിഞ്ഞത്. ഈയിനത്തിൽ 2017-ൽ ജി.ലക്ഷ്മണൻ സ്വർണം നേടിയതിനുശേഷം ഇതാദ്യമായാണ് ഒരുവട്ടംകൂടി മെഡൽ ഇന്ത്യയിലെത്തുന്നത്.
അവസാന ലാപ്പിൽ ബഹ്‌റൈനിന്റെ ആൽബർട്ട് കിബിച്ചി റോപ്പറിനെ മറികടന്ന് അദ്ദേഹം മുന്നേറി. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഗുൽവീറിന്റെ രണ്ടാം മെഡൽനേട്ടമാണിത്. 2023-ൽ 5,000 മീറ്ററിൽ വെങ്കലം നേടിയിരുന്നു. ഇത്തവണയും അയ്യായിരം മീറ്ററിൽ ഗുൽവീർ പങ്കെടുക്കുന്നുണ്ട്. 10,000 മീറ്റർ മത്സരത്തിനുണ്ടായിരുന്ന ഇന്ത്യയുടെ സാവൻ ബർവാൾ 28:50.53 സമയത്തിൽ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്തു.
ഇന്നുമുതൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ 59 അംഗ ഇന്ത്യൻ സംഘമാണ് പങ്കെടുക്കുന്നത്. മെഡൽപ്പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ജാവലിൻ ത്രോയിലെ ഒളിമ്പിക് ഇരട്ട മെഡൽ ജേതാവ് നീരജ് ചോപ്ര ഒഴികെയുള്ള മിക്ക പ്രമുഖ താരങ്ങളും ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നുണ്ട്. മലയാളി താരങ്ങളായ അബ്ദുള്ള അബൂബക്കറും (ട്രിപ്പിൾ ജംപ്) ആൻസി സോജനും (ലോങ് ജംപ്) മെഡൽ പ്രതീക്ഷകളാണ്.